TOPICS COVERED

ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ വീട്ടിൽ കയറി മർദിച്ച് സ്വർണാഭരണങ്ങൾ കവർന്നു. കൊല്ലം കുന്നിക്കോട് പച്ചിലവളവ് സ്വദേശി ഹൈമവതിയാണ് ആക്രമണത്തിനിരയായത്. 

കഴിഞ്ഞ രാത്രി പന്ത്രണ്ടിനാണ്  കുന്നിക്കോട് പച്ചില വളവ് പുഷ്പ വിലാസത്തിൽ എൺപത്തിയഞ്ച് വയസുള്ള ഹൈമവതിയുടെ വീട്ടിൽ മോഷ്ടാവ് എത്തിയത്.  വീട്ടിൽ ഹൈമവതി തനിച്ച് താമസിക്കുന്നതായി മനസ്സിലാക്കിയാണ് മോഷ്ടാവ് വീട്ടിലെത്തിയത്.  വീടിൻ്റെ അടുക്കളയുടെ മേൽക്കൂരയിലുള്ള ആസ്ബറ്റോസ് ഷീറ്റ് ഇളക്കിമാറ്റിയാണ് മോഷ്ടാവ് അകത്ത് കടന്നത്. രാത്രി ഉറക്കത്തിലായിരുന്ന ഹൈമവതി ശബ്ദം കേട്ട് പെട്ടെന്ന് ഉണർന്നപ്പോൾ മോഷ്ടാവ് അടുത്തെത്തി വായിലും മുക്കിലും കൈക്കൊണ്ട് പൊത്തിപ്പിടിച്ചു. ഹൈമവതിയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ചെടുക്കുകയും കാതിലുള്ള കമ്മൽ വലിച്ചെടുക്കുകയും ചെയ്തു. ഇടതുകാതിൽ മുറിവേറ്റു. മോഷ്ടാവ് കൂടുതൽ സമയം ചിലവഴിക്കാതെ ഹൈമവതിയുടെ സ്മാർട്ട് ഫോണും കവർന്ന് വാതിൽ തുറന്ന് കടന്ന് കളയുകയായിരുന്നു.

ഹൈമവതി മറ്റൊരു ഫോണിലൂടെ മക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് അവർ പൊലീസിനെ വിവരം അറിയിച്ചു. ഓടിക്കൂടിയ അയൽക്കാരും ബന്ധുക്കളും ചേർന്ന് ഹൈമവതിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  കുന്നിക്കോട് പൊലീസ്  പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY:

Kollam theft case