ഭര്‍തൃവീട്ടില്‍ വച്ച് വീണ്ടും മര്‍ദനമേറ്റെന്ന് പന്തീരാങ്കാവിലെ യുവതി. സാരമായി മര്‍ദനമേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് നിലവിലുള്ളത്. ആംബുലന്‍സില്‍ വച്ചും ഭര്‍ത്താവ് രാഹുല്‍ തന്നെ മര്‍ദിച്ചുവെന്ന് പറഞ്ഞ യുവതി പരാതി ഇല്ലെന്നും അറിയിച്ചു. അതേസമയം, യുവതിയെ ആശുപത്രിയിലാക്കിയ ശേഷം മുങ്ങിയ ഭര്‍ത്താവ് രാഹുവിനെ പാലാഴിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഇക്കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. കോഴിക്കോട് സ്വദേശിയായ രാഹുലിനെ വിവാഹം ചെയ്ത എറണാകുളം വടക്കൻ പറവൂർ സ്വദേശിനിയെ ക്രൂരമായി മർദനമേറ്റ് നിലയിൽ വീട്ടുകാർ കണ്ടെത്തി. വൈകാതെ രാഹുലിനെതിരെ ഗാർഹിക പീഡനത്തിനും സ്ത്രീധന നിരോധന നിയമപ്രകാരവുമുള്ള കുറ്റങ്ങൾ ചുമത്തി. വിഷയം വിവാദമായതോടെ വധശ്രമത്തിനും ഉൾപ്പെടുത്തി. ഇതോടെ, ജോലി ചെയ്തിരുന്ന ജർമനിയിലേക്ക് രാഹുൽ കടന്നു. ഇതിനിടെയാണ്, തന്നെ ഭർത്താവ് മർദിച്ചിട്ടില്ലെന്നും വീട്ടുകാരുടെ നിർബന്ധത്തിനുവഴങ്ങി പരാതി നല്‍കിയതാണെന്നും കാട്ടി ഭാര്യ രംഗത്തുവന്നത്. പിന്നാലെയാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ കോടതിയെ സമീപിച്ചത്.
മകളെ കൂട്ടിക്കൊട്ടുപോകാന്‍ നേരത്തെയും വീട്ടുകാര്‍ തയ്യാറായിരുന്നുവെങ്കിലും ഭര്‍ത്താവിനൊപ്പം പോകാന്‍ പെണ്‍കുട്ടി നിലപാടെടുത്തിരുന്നു. 'മകൾക്ക് 26 വയസ്സായി. ആരുടെ കൂടെ, എവിടെ പോകണം എന്നു തീരുമാനിക്കാനുള്ള അവകാശം അവർക്കുണ്ട്. അതിൽ അഭിപ്രായം പറയുന്നില്ല. നിയമപരമായും എന്റെ അഭിപ്രായത്തിന് സാധുതയില്ല’’– പിതാവ് അന്ന് മനോരമന്യൂസിനോട് പ്രതികരിച്ചിരുന്നു. വീട്ടുകാര്‍ കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയാല്‍ ഒപ്പം മടങ്ങുമെന്നാണ് നിലവില്‍ യുവതി പറയുന്നത്.