വ്ലോഗറും അസം സ്വദേശിയുമായ യുവതിയെ ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതം. മായ ഗോഗോയി എന്ന യുവതിയുടെ മൃതദേഹമാണ് ഇന്ദിരാ നഗറിലെ അപ്പാർട്ട്‌മെന്റിൽ കണ്ടെത്തിയത്. മായയുടെ നെഞ്ചിൽ ഒന്നിലധികം തവണ കുത്തേറ്റിട്ടുണ്ട്.
Read Also: വ്ലോഗര്‍ യുവതിയെ കുത്തിക്കൊന്നു; മലയാളിയുവാവ് മൃതദേഹത്തിനൊപ്പം 2 ദിവസം
ശനിയാഴ്ചയാണ് മായയും ആരവ് ഹർണി എന്നയാളും ബെംഗളൂരുവിലെ അപ്പാർട്ട്‌മെന്‍റില്‍ എത്തുന്നത്. ആരവ് മലയാളിയെന്നാണ് പൊലീസ് അറിയിക്കുന്നത്. ആരവ് കണ്ണൂർ സ്വദേശിയാണെന്നും ഇയാൾ മായയുടെ കാമുകനാണെന്നും ദേശിയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഞായറാഴ്ചയാണ് ആരവ് മായയെ കൊലപ്പെടുത്തിയെന്നാണ് നിഗമനം. ചൊവ്വാഴ്ച പുലർച്ചെയാണ് ആരവ് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്. അതുവരെ ഇയാൾ മൃതദേഹത്തിനൊപ്പം കഴിഞ്ഞു. രണ്ടു ദിവസവും മൃതദേഹത്തിനടുത്ത് പുകവലിച്ചിരുന്നെന്നു പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ മായ തയ്യാറായിരുന്നില്ല. ഇതാണ് കൊലപാതകത്തിലേയ്ക്കെത്തിയത്’ ബെഗുളുരു ഈസ്റ്റ് ഡിസിപി ദേവരാജ് പറഞ്ഞു. അപ്പാര്‍ട്ട്മെന്റില്‍ മുറിയെടുക്കാന്‍ ഇരുവരും ഒരുമിച്ചെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആരവിനെ കണ്ടെത്തുന്നതിനായി ബംഗളൂരു പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതിയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.
കേരളത്തിലേക്കും തിരച്ചിൽ വ്യാപിപ്പിച്ചിട്ടുണ്ട്. മൃതദേഹം ഉപേക്ഷിക്കുന്നതിനായി കൊണ്ടുവന്നതന്ന് കരുതുന്ന ചാക്കും കയറും മുറിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. അതിനാല്‍ തന്നെ കൊല ആസൂത്രിതമായിരിന്നു എന്ന് പൊലീസ് ഉറപ്പിക്കുന്നു. കോറമംഗളയിലാണ് മായ ജോലി ചെയ്തിരുന്നത്.
യൂട്യൂബ് കണ്ടന്റ് ക്രിയേറ്റര്‍കൂടിയായിരുന്നു കൊല്ലപ്പെട്ട മായ ഗൊഗോയി. ഫാഷന്‍, ഫുഡ് ചാലഞ്ചുകളും ദൈനംദിന ജീവിതവുമടങ്ങിയ ഉള്ളടക്കങ്ങളായിരുന്നു അവര്‍ യൂട്യൂബ് വീഡിയോയില്‍ അവതരിപ്പിച്ചിരുന്നത്.