പത്തനംതിട്ടയില്‍ പനി ബാധിച്ച് മരിച്ച പ്ലസ് ടു വിദ്യാര്‍ഥിനി ഗര്‍ഭിണിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സഹപാഠിയ്ക്കെതിരെ അന്വേഷണം . പോസ്റ്റുമോര്‍ട്ടത്തില്‍ വിദ്യാര്‍ഥിനി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ സുഹൃത്തായ 17-കാരന്റെ രക്തസാമ്പിളുകള്‍ പരിശോധയ്ക്ക് അയച്ചത്. ഗര്‍ഭസ്ഥ ശിശുവിന്‍റെ പിതൃത്വം തെളിയിക്കാനുള്ള അന്വേഷണത്തിലാണ് നിലവില്‍ പൊലീസ്. അതിനുശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുണ്ടായേക്കും. ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. മരിച്ച 17-കാരി പത്തനംതിട്ടയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് പഠിക്കുന്നത്.

Read Also: പത്തനംതിട്ടയിൽ പനി ബാധിച്ച് മരിച്ച 17കാരി അഞ്ചുമാസം ഗര്‍ഭിണി; അന്വേഷണം

പനി ബാധിച്ച പെണ്‍കുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. നവംബര്‍ 22-ാം തീയതിയാണ് പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയതിനാലാണ് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്. 

പെൺകുട്ടി അമിതമായി മരുന്നു കഴിച്ചിരുന്നു എന്ന് ഡോക്ടർ സംശയം പ്രകടിപ്പിക്കുന്നുണ്ട്.  ഗർഭസ്ഥ ശിശുവിനെ ഒഴിവാക്കാൻ മരുന്നു കഴിച്ചത് ആരുടെയെങ്കിലും അറിവോടെയാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പനിയെ തുടർന്നുള്ള അണുബാധയ്ക്കെന്ന തരത്തിൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്  17കാരി മരിച്ചത്. 

ഇക്കാര്യവും പൊലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. അതേസമയം പെൺകുട്ടിക്ക് കൗൺസിലിംഗ് നൽകുന്നതിലുൾപ്പെടെ സ്കൂൾ അധികൃതർക്കും പിടിഎയ്ക്കും വീഴ്ച സംഭവിച്ചു എന്നാരോപിച്ച് കെഎസ്‌യു സ്കൂളിൽ പ്രതിഷേധം നടത്തി.

ENGLISH SUMMARY:

Pathanamthitta girl's death: Classmate's blood sample sent for DNA testing