കൊല്ലം പുനലൂരില്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ച മദ്രസ അധ്യാപകന് മുപ്പത്തിമൂന്നു വര്‍ഷം കഠിനതടവ് ശിക്ഷ. മലപ്പുറത്തുകാരനായ മുഹമ്മദ് റംഷാദിനെ പുനലൂര്‍ അതിവേഗ കോടതിയാണ് ശിക്ഷിച്ചത്. മലപ്പുറം വണ്ടൂര്‍ വെളളയൂര്‍ സ്വദേശി മുപ്പത്തിയ‍ഞ്ചുവയസുകാരനായ മുഹമ്മദ് റംഷാദ് പുനലൂര്‍ വെഞ്ചേമ്പ് മദ്രസയില്‍ അധ്യാപകനായിരിക്കെയാണ് പെണ്‍കുട്ടിയോട് ലൈംഗീകഅതിക്രമം കാട്ടിയത്. പ്രതിക്ക് മുപ്പത്തിമൂന്നു വര്‍ഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. 

പിഴ ഒടുക്കിയില്ലെങ്കില്‍ പത്തുമാസം അധികമായി കഠിനതടവ് അനുഭവിക്കണം. പുനലൂര്‍ അതിവേഗ കോടതി ജഡ്ജ് ടിഡി ബൈജുവാണ് ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെയും പോക്സോ വകുപ്പിലെയും പ്രസക്ത വകുപ്പുകള്‍ പ്രകാരമാണ് പ്രതിക്ക് ഉയര്‍ന്ന ശിക്ഷ ലഭിച്ചതെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. മദ്രസയില്‍ ഒന്നാംക്ളാസില്‍ പഠിക്കാനെത്തിയെ ഏഴുവയസുകാരിയെ 2022 മുതല്‍ 2023 നവംബര്‍ 25 വരെയുളള കാലയളവില്‍ പല ദിവസങ്ങളിലായി പീ‍ഡിപ്പിച്ചെന്നാണ് കേസ്. 

കേസില്‍ പതിമൂന്നു സാക്ഷികളെ വിസ്തരിക്കുകയും പതിനാറു രേഖകള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം നവംബര്‍ അവസാനമാണ് മുഹമ്മദ് റംഷാദിനെതിരെ പരാതി ഉയര്‍ന്നത്. പുനലൂരില്‍ സ്ഥലം വിട്ട മുഹമ്മദ് റംഷാദിനെ ഡിസംബര്‍ ആദ്യവാരം മലപ്പുറത്തു നിന്ന് പുനലൂര്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

ENGLISH SUMMARY:

madrasa teacher sentenced to 33 years for sexually abusing student