തൃശൂരിലെ ലോഡ്ജില്‍ ആഭരണ നിര്‍മാണ തൊഴിലാളികളെ കുത്തിവീഴ്ത്തി സ്വര്‍ണം കവര്‍ന്ന കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. തൃശൂര്‍ നഗരത്തെ വിറപ്പിച്ച് നാല്‍പതു ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്ന കേസിലാണ് മലപ്പുറം തിരൂർ കൂട്ടായി സ്വദേശി റഷീദിനെ പിടികൂടിയത്. സ്വര്‍ണ ബിസിനസുകാരെന്ന വ്യാജേന നഗരത്തിലെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തിയ മോഷ്ടാക്കള്‍ ആഭരണ നിര്‍മാണ തൊഴിലാളികളായ രണ്ടു യുവാക്കളെ കുത്തിവീഴ്ത്തിയത്.
ആലുവ സ്വദേശികളായ ഷെമീറും ബാസില്‍ ഷെഹീദും 650 ഗ്രാം സ്വര്‍ണവുമായാണ് തൃശൂര്‍ നഗരത്തില്‍ എത്തിയത്. ജ്വല്ലറിയില്‍ ചെന്ന് ഈ ആഭരണങ്ങള്‍ കാണിച്ച് വില്‍പന നടത്തുകയാണ് പതിവ്. ഇതിനിടെയാണ്, നാലു പേര്‍ കണ്ണൂരില്‍ നിന്ന് വന്നവരാണെന്ന് പറഞ്ഞ് ലോഡ്ജിലേക്ക് വരാന്‍ പറഞ്ഞത്. ലോഡ്ജില്‍ മുറിയെടുത്ത നിലയ്ക്ക് ഇവരെ വിശ്വസിച്ചാണ് സ്വര്‍ണവുമായി അവിടേയ്ക്കു ചെന്നത്. മുറിയില്‍ നാലു പേരുണ്ടായിരുന്നു. ആഭരണവുമായി വന്ന രണ്ടു യുവാക്കളെ മുറിയില്‍ പൂട്ടിയിട്ട്, സ്വര്‍ണവുമായി രക്ഷപ്പെടാനായിരുന്നു പദ്ധതി. പക്ഷേ, യുവാക്കള്‍ ചെറുത്തു നിന്നതോടെ പിടിവലിയായി. സ്വര്‍ണവുമായി രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാക്കളെ യുവാക്കള്‍ സധൈര്യം നേരിട്ടു.
പക്ഷേ, കുത്തി വീഴ്ത്തിയതോടെ ആഭരണമടങ്ങിയ ബാഗ് മോഷ്ടാക്കള്‍ തട്ടിയെടുത്തിരുന്നു. എന്നിരുന്നാലും, മോഷണ സംഘത്തിലെ ഒരാളെ ബലംപ്രയോഗിച്ച് തടഞ്ഞുവച്ചു. തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശി രഞ്ജിത്തായിരുന്നു ആ പ്രതി. ഇതുകൂടാതെ അഞ്ചു പേരെ പിന്നാലെ പിടികൂടി. കേസിലെ മുഖ്യപ്രതിയായ റഷീദ് ഒളിവിലായിരുന്നു. തൃശൂര്‍ എ.സി.പി.: സലീഷ് എന്‍ ശങ്കരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഏറെ പണിപ്പെട്ടാണ് റഷീദിനെ പിടികൂടിയത്. പൊലീസ് ഉദ്യോഗസ്ഥരായ ഹരീഷും ദീപക്കും തിരൂരില്‍ എത്തിയാണ് നാടകീയമായി പ്രതിയെ പിടികൂടിയത്.