gujarat-rape-murder-cctv

ഗുജറാത്തില്‍ 19 കാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ മുപ്പതുകാരന്‍ ‘സീരിയല്‍ കില്ലറെന്ന്’ പൊലീസ്. ക്രൂരബലാല്‍സംഗത്തിനും കൊലപാതകത്തിനും ശേഷം യാതൊരു കൂസലുമില്ലാതെ ശാന്തനായി ‘ഫ്രൂട്ട് സാലഡ്’ കഴിക്കുകയും റെയില്‍വേ സ്റ്റേഷനിലൂടെ നടക്കുകയും ചെയ്യുന്ന രാഹുല്‍ എന്ന ഭോലു കർമ്മവീർ ഈശ്വർ ജാട്ടിന്‍റെ ദൃശ്യങ്ങള്‍ കണ്ട് സോഷ്യല്‍ മീഡിയയില്‍ വന്‍രോഷമാണ് ഉയര്‍ത്തുന്നത്.

ഗുജറാത്തിലെ ഉദ്‌വാദയിലാണ് ക്രൂരകൃത്യം അരങ്ങേറിയത്. ഒരു മാമ്പഴത്തോട്ടത്തിൽ വെച്ച് പ്രതി പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. കുറ്റകൃത്യത്തിനു ശേഷം ഇയാള്‍ സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു. ആ സമയം പെണ്‍കുട്ടിയ്ക്കായുള്ള തിരച്ചിലിലായിരുന്നു കുടുംബം. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റുന്നതുവരെ  മറഞ്ഞിരുന്ന ഇയാള്‍ പിന്നീട് ഇരുട്ടിന്‍റെ മറപറ്റി മമ്പഴത്തോട്ടത്തിലെത്തി, അവിടെ മറന്നുവച്ച സ്വന്തം സാധനങ്ങള്‍ എടുത്തു. പിന്നെ ട്രെയിനില്‍ രക്ഷപ്പെടാനായി ശ്രമം.

സ്റ്റേഷനിലെത്തിയ പ്രതിയുടെ ദൃശ്യങ്ങള്‍ പ്ലാറ്റ്ഫോമുകളില്‍ സ്ഥാപിച്ച സിസിടിവി കാമറകളില്‍ പതിഞ്ഞിട്ടുണ്ട്. നവംബർ 14ന് വഡോദരയിലേക്ക് ഇയാള്‍ ട്രെയിന്‍ കയറുകയും ചെയ്തു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 20 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു.

കർണാടക, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിലായി നാല് കൊലപാതകക്കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം, ചോദ്യം ചെയ്യലിനിടയിലും പ്രതി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയുമായി ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് തെളിവെടുപ്പും നടത്തി. സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കൊലപാതകക്കേസുകള്‍ കൂടാതെ രാജസ്ഥാൻ, ഹരിയാന, യുപി, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലായി ട്രക്ക് മോഷണം, അനധികൃത ആയുധക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട കേസുകളിൽ 2018-19, 2024 വർഷങ്ങളിൽ ഇയാള്‍ ജയിൽ ശിക്ഷ അനുഭവിച്ചതായും പൊലീസ് പറഞ്ഞു. ഒറ്റയ്ക്കു സഞ്ചരിക്കുന്നവരെ ലക്ഷ്യമിട്ടുള്ള കൊള്ളയും കൊലയുമാണ് പ്രതിയുടെ രീതി. ഒരിടത്തും ഇയാള്‍ സ്ഥിരമായി താമസിക്കാറില്ല. കൂടുതലും റെയിൽവേ പ്ലാറ്റ്ഫോമുകളിലും ട്രെയിനുകളിലുമാണ് ഉറങ്ങാറുള്ളത്. ട്രെയിനുകളില്‍ ഭിന്നശേഷിയുള്ള യാത്രക്കാർക്കുള്ള കോച്ചുകളും ഇയാള്‍ സ്ഥിരമായി ലക്ഷ്യമിടാറുണ്ടായിരുന്നു.

ENGLISH SUMMARY:

A 30-year-old man who raped and murdered a 19-year-old woman in Gujarat is reported to be a 'serial killer.' After committing the brutal rape and murder, the man showed no remorse, calmly eating a fruit salad and walking through a railway station. Videos of his actions have sparked widespread outrage on social media.