ചാര നിറമുള്ള ആഫ്രിക്കന്‍ തത്തയെ കൊതിച്ച് പണം നഷ്ടമായ ഒരു യുവതിയുടെ കഥയാണ് ബെംഗളൂരുവില്‍ നിന്ന് എത്തുന്നത്. കക്ഷി കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥയാണ് എന്നതാണ് ഏറെ ശ്രദ്ധേയം. ചാര നിറമുള്ള ഒരു ആഫ്രിക്കന്‍ തത്തയെ വാങ്ങണമെന്ന ആഗ്രഹം ശിവാങ്കി എന്ന യുവതി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു. പിന്നാലെ കുറഞ്ഞ വിലയ്ക്ക് തത്തയെ നല്‍കാമെന്നു പറഞ്ഞ് ഒരു കോളുമെത്തി.
മാര്‍ക്കറ്റില്‍ 75,000 രൂപ വിലവരുന്ന തത്തയ്ക്ക് 40,000 രൂപ മാത്രം മതിയെന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. ഇതോടെ യുവതി 30,000 രൂപ ഇയാള്‍ക്ക് അയച്ചു. ഫേസ്ബുക്കിലൂടെ യുവതിയുടെ താല്‍പര്യം തിരിച്ചറിഞ്ഞയാള്‍ ഇവര്‍ക്ക് ആദ്യം മെസേജ് അയച്ചു. തത്തയുടെ കുറേ ചിത്രങ്ങളും അയച്ചു നല്‍കി. ഡിഎന്‍എ സര്‍ട്ടിഫിക്കറ്റുള്ള 15-18 മാസം പ്രായമുള്ള പെണ്‍തത്തയാണിത് എന്നായിരുന്നു ഇയാള്‍ പറഞ്ഞത്. പിന്നീട് യുവതിയുടെ മൊബൈല്‍ നമ്പര്‍ വാങ്ങി വിളിച്ചു.
നല്ല വിലക്കുറവ് ആയതിനാല്‍ പകുതി പണം തത്തയുടെ ഉടമയ്ക്ക് താന്‍ അപ്പോള്‍ തന്നെ നല്‍കി. ബാക്കി പണം നിങ്ങള്‍ നേരിട്ട് നല്‍കണം എന്നതായിരുന്നു ആവശ്യം. ഇതോടെ എവിടെയാണ് തത്തയുള്ളതെന്ന് യുവതി അന്വേഷിച്ചു. വളര്‍ത്തു പക്ഷികളെയും മൃഗങ്ങളെയും വില്‍ക്കുന്ന ഒരു കടയുടെ മേല്‍വിലാസം ഇയാള്‍ നല്‍കി. കടയിലെത്തി തത്തയെ കണ്ട യുവതി കടയുടമയോട് കാര്യങ്ങള്‍ അന്വേഷിച്ചു. കന്നടയിലാണ് കടയുടമ സംസാരിച്ചത്. അതാകട്ടെ യുവതിയ്ക്ക് മനസ്സിലായതുമില്ല.
എങ്കിലും തത്തയെ വാങ്ങാമെന്നു പറഞ്ഞ് ശിവാങ്കി 30,000 രൂപ അപ്പോള്‍ തന്നെ ഓണ്‍ലൈനായി ട്രാന്‍സ്ഫര്‍ ചെയ്തു. അത് കടക്കാരന് കിട്ടിയതുമില്ല. പണം തന്‍റെ അക്കൗണ്ടില്‍ നിന്ന് പോയി തത്തയെ വേണമെന്ന് യുവതി പറഞ്ഞതോടെ തന്‍റെ അക്കൗണ്ടില്‍ പണം വന്നിട്ടില്ലെന്നു പറഞ്ഞ് കടയുടമ ബഹളം വച്ചു.
പിന്നീട് യുവതി തന്‍റെ ഫോണില്‍ വന്ന ചിത്രങ്ങളടക്കം കടയുടമയെ കാണിച്ചപ്പോഴാണ് യുവതി തട്ടിപ്പിനിരയായ വിവരം മനസ്സിലാക്കുന്നത്. കടയുടമയ്ക്ക് തട്ടിപ്പില്‍ പങ്കില്ലെന്നാണ് വിവരം. യുവതിയെ പൊലീസില്‍ പരാതി നല്‍കാന്‍ കടയുടമ സഹായിക്കുകയും ചെയ്തു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണ്.