പരാതി നല്‍കാനെത്തിയ യുവതിയെ ഓഫിസില്‍ വച്ചു പീഡിപ്പിച്ച ഡപ്യൂട്ടി പൊലീസ് സുപ്രണ്ടന്‍റ് അറസ്റ്റില്‍. കര്‍ണാടക തുമുകുരു മധുഗിരി ഡി.വൈ.എസ്.പി. രാമചന്ദ്രപ്പയ്ക്കാണു ഒടുവില്‍ കുരുക്കുവീണത്. ഓഫസിന്‍റെ ശുചിമുറിയില്‍ വച്ചു യുവതിയുമൊത്തുള്ള ദൃശ്യങ്ങള്‍ ഇന്നലെ വ്യാപകമായി പ്രചരിച്ചിരുന്നു.
പൗരന്‍റെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കേണ്ട പൊലീസ് തന്നെ പരാതിയുമായെത്തുന്ന സ്ത്രീകളെ ഇത്തരത്തില്‍ ദുരുപയോഗിക്കുന്നുവെന്ന വാര്‍ത്ത കര്‍ണാടകയെ ഞെട്ടിച്ചിരുന്നു. ആഭ്യന്തര മന്ത്രി ജി.പരമേശ്വരയുടെ ജില്ലയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കര്‍ണാടക സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കി. പുറത്തുവന്ന ദൃശ്യത്തിലുള്ള മധുഗിരി ഡി.വൈ.എസ്.പി. രാമചന്ദ്രപ്പയെ സസ്പെന്‍ഡ് ചെയ്ത കര്‍ണാടക ഡി.ജി.പി ഉടന്‍ പിടികൂടാന്‍ ഇന്നലെ വൈകീട്ടു നിര്‍ദേശം നല്‍കി. .തുടര്‍ന്നു യുവതിയില്‍ നിന്നു പരാതി എഴുതി വാങ്ങിയ തുമുകുരു പൊലീസ് രാത്രി ഡി.വൈ.എസ്.പിയെ അറസ്റ്റ് ചെയ്തു. സ്റ്റേഷനിലെത്തിച്ച ഡി.വൈ.എസ്.പിയെ അദ്ദേഹത്തിന്‍റെ ഓഫീസിലെ ലോക്കപ്പില്‍ രാത്രി താമസിപ്പിക്കുകയും ചെയ്തു. ഡി.വൈ.എസ്.പിക്കെതിരെ മുന്‍പ് ഉയര്‍ന്ന സമാന പരാതികളിലും അന്വേഷണം തുടങ്ങിയതായി തുമുകുരു എസ്.പി അറിയിച്ചു.