മാനസാന്തരപ്പെട്ടെന്നും മോഷണം നിര്‍ത്തുകയാണെന്നും പറഞ്ഞ് ആത്മകഥ പ്രസിദ്ധീകരിച്ച കുപ്രസിദ്ധ മോഷ്ടാവ് വീണ്ടും പഴയ പണിക്കിറങ്ങി. തലശേരി സ്വദേശി എ.കെ സിദ്ദീഖാണ് കണ്ണൂര്‍ ടൗണ്‍ പൊലീസിന്‍റെ പിടിയിലായത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനടുത്തെ വീട്ടില്‍ നിന്ന് സൈക്കിളും ടൗണിലെ ക്രിസ്ത്യന്‍ ദേവാലയത്തില്‍ നിന്ന് മൈക്ക് സെറ്റും ഡിവിആറും മോഷ്ടിച്ച കുറ്റത്തിനാണ് സിദ്ദീഖിനെ വീണ്ടും അഴിക്കുള്ളിലാക്കിയത്
ജീവിതത്തിന്‍റെ നല്ലൊരു ഭാഗവും മോഷണം നടത്തി ജീവിച്ചയാള്‍. നൂറുകണക്കിന് മോഷണക്കേസുകളിലായി മുപ്പത് വര്‍ഷത്തിലേറെ ജയില്‍വാസം. ജയില്‍ നിന്ന് പുറത്തിറങ്ങുക, വീണ്ടും മോഷ്ടിക്കുക, പിന്നെയും അകത്തുപോവുക. ഇതായിരുന്നു കാലങ്ങളായി സിദ്ദീഖിന്‍റെ പരിപാടി. സ്വന്തം വീട്ടുകാരെ പോലും വെറുതെവിട്ടിട്ടില്ലാത്ത സിദ്ദീഖിന്‍റെ കളവുജീവിതം ആരെയും ആശ്ചര്യപ്പെടുത്തും. സഹോദരിയുടെ കുഞ്ഞിന്‍റെ സ്വര്‍ണമോതിരം, അമ്മാവന്‍റെ റേഷന്‍കടയിലെ പണം എന്നിവയൊക്കെ മോഷ്ടിച്ച സിദ്ദീഖ് പണ്ട് സ്വന്തം അമ്മയുടെ മൂന്നരപ്പവന്‍ മാലയും കൈക്കലാക്കി മുങ്ങിയിട്ടുണ്ട്. അത്രയും വലിയ കള്ളനാണ് കുറേനാളത്തെ ജയില്‍ വാസത്തിനിടെ കഴിഞ്ഞ വര്‍ഷം മാനസാന്തരപ്പെട്ടെന്ന് പറഞ്ഞത്.
അങ്ങനെ ജയിലില്‍ ഇരുന്ന് ഒരു പുസ്തകമെഴുതി, പേര് "ഒരു കള്ളന്‍റെ ആത്മകഥ".. അന്നത്തെ ജയില്‍ സൂപ്രണ്ട് പി വിജയന്‍ ആ പുസ്തകം പ്രകാശനം ചെയ്തു.. നിരവധി ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത പരിപാടിയ്ക്ക് അന്ന് വന്‍ വാര്‍ത്താപ്രാധാന്യവും കിട്ടി. ജയിലില്‍ ഭക്ഷണമുണ്ടാക്കി കഴിവുതെളിയിച്ച് ഗംഭീര പാചകവിദഗ്ധനായി പുറത്തിറങ്ങിയ സിദ്ദീഖിന് തട്ടുകടയിട്ട് ഉപജീവനം നടത്താനായിരുന്നു പ്ലാന്‍. പക്ഷേ, ഒടുവില്‍ കള്ളന്‍ തന്‍റെ തനി സ്വരൂപം വീണ്ടും പുറത്തുകാട്ടി. പതിനേഴായിരം രൂപ വിലയുള്ള സൈക്കിള്‍ മോഷ്ടിച്ച് അതില്‍ കറങ്ങി നടക്കുന്നതിനിടെ തളാപ്പിലെ സിഎസ്ഐ പള്ളിയില്‍ കയറിയും മോഷണം നടത്തി. സിസിടിവി ക്യാമറകള്‍ക്ക് മുമ്പില്‍ കൂളായാണ് സിദ്ദീഖിന്‍റെ പെരുമാറ്റം.
ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കാന്‍ സിദ്ദീഖിന് ഒരു മടിയുമുണ്ടായിരുന്നില്ല. ഇനി ഒരു മടക്കമില്ലെന്ന് പറഞ്ഞ് ജയില്‍ വിട്ട കള്ളനെ വീണ്ടും അതേജയിലിലേക്ക് ഒടുവില്‍ റിമാന്‍ഡ് ചെയ്ത് അയക്കേണ്ടി വന്നു പൊലീസിന്.