തൃശൂർ വരന്തരപ്പിള്ളിയിൽ സാധനങ്ങള്‍ വാങ്ങാനെത്തിയ ആള്‍ കട അടിച്ചു തകർത്തു. കീറി ഒട്ടിച്ച 50 രൂപ നോട്ട് മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ടതിന് പ്രതികാരമായാണ് ബേക്കറി അടിച്ചുതകർത്തത്. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി.
ഇന്നലെ രാത്രിയായിരുന്നു സംഭവം. വരന്തരപ്പിള്ളി പൗണ്ട് സെന്ററിലെ ശങ്കര സ്‌നാക്ക്‌സ് എന്ന സ്ഥാപനമാണ് അക്രമി തല്ലി തകര്‍ത്തത്. സാധനങ്ങള്‍ വാങ്ങാനെത്തിയ വരന്തരപ്പിള്ളി സ്വദേശി കീറിയ നോട്ട് കൊടുത്തപ്പോള്‍ കടക്കാരന്‍ നോട്ട് മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ടു.
നോട്ട് മാറ്റി തരാമെന്ന് പറഞ്ഞ് കടയുടെ പുറത്തേക്ക് ഇറങ്ങിയ അക്രമി തിരികെയെത്തി കട അടിച്ചു തകര്‍ത്തു. ഗ്ലാസുകളും വില്‍പനയ്ക്കായി എത്തിച്ച സാധനങ്ങളും നശിപ്പിച്ചു. കടയിലെ 2 ഷെല്‍ഫുകള്‍ തള്ളി നിലത്തിട്ട് നശിപ്പിച്ച അക്രമി മൂന്നാമത്തെ ഷെല്‍ഫ് തള്ളിയെങ്കിലും മറിച്ചിടാന്‍ സാധിച്ചില്ല. തുടര്‍ന്ന് കൈയ്യില്‍ കിട്ടിയ കമ്പി കൊണ്ട് സാധനങ്ങള്‍ അടിച്ചുതകര്‍ത്തു.
4 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കടയുടമ വിനോദ് കുമാര്‍ പറഞ്ഞു. വരന്തരപ്പിള്ളി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.