വളപട്ടണം നടുങ്ങിയ കവര്‍ച്ചയില്‍ പ്രതിയെ പൊലീസ് പിടികൂടിയത് അതീവ വിദഗ്ധമായി. പ്രതി അറസ്റ്റിലാകുവോളം മോഷണം നടന്ന വീട്ടില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലും ചോരാതെ പൊലീസ് സൂക്ഷിച്ചു. അതിവിദഗ്ധമായി ലിജീഷ് നടത്തിയ മോഷണം പൊലീസ് കണ്ടെത്തിയതും കൃത്യമായ നിരീക്ഷണങ്ങളിലൂടെയാണ്. 

മുന്‍പ്രവാസിയായ ലിജീഷ് മികച്ച വെല്‍ഡിങ് പണിക്കാരനാണ്. ലോക്കറുകള്‍ തകര്‍ക്കുന്നതിലടക്കം അസാമാന്യ പാടവം പ്രതിക്കുണ്ടെന്ന് പൊലീസ് അനുമാനിക്കുന്നു. ജനല്‍ കമ്പികള്‍ അഴിച്ചുമാറ്റി വീട്ടില്‍ കയറിയാണ് ലിജീഷ് 300 പവനും ഒരു കോടി രൂപയും കവര്‍ന്നത്. നവംബര്‍ 20നായിരുന്നു നാടിനെ ഞെട്ടിച്ച മോഷണം. തലേന്ന് അഷ്റഫും കുടുംബവും മധുരയ്ക്ക് യാത്ര പോയി. ഇത് മനസിലാക്കിയാണ് അയല്‍വാസിയായ ലിജീഷ് വീട്ടില്‍ കയറിയത്. അതിവിദഗ്ധമായി മുഖം മറച്ച് വീട്ടില്‍ കയറിയതിനാല്‍ തന്നെ സിസി ടിവി ദൃശ്യങ്ങളും പ്രതിയെ തിരിച്ചറിയാന്‍ പര്യാപ്തമായിരുന്നില്ല. അഷ്റഫിന്‍റെ വീടിനുള്ളില്‍ ഇത്രയധികം പണവും സ്വര്‍ണവും ഉണ്ടായിരുന്നുവെന്ന് ലിജീഷും കരുതിയിട്ടില്ലെന്ന് പൊലീസ് പറയുന്നു. 

കവര്‍ന്നെടുത്ത പണവും സ്വര്‍ണവും മുഴുവനായും ലിജീഷ് സ്വന്തം വീട്ടില്‍ പ്രത്യേകമായി നിര്‍മിച്ച ലോക്കറിനുള്ളിലാക്കി. വീട്ടിലെ ആരോടും വിവരം പങ്കുവച്ചതുമില്ല. അതീവരഹസ്യമായി സൂക്ഷിച്ചിരുന്ന കവര്‍ച്ചാമുതല്‍ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത് ഫോണ്‍രേഖകളാണ്. പരിസരവാസികളുടെ ഫോണ്‍രേഖകളടക്കം നിരീക്ഷിച്ച പൊലീസ് അയല്‍വാസിയായിരുന്ന ലിജീഷിന്‍റെ ഫോണ്‍ നവംബര്‍ 20ന് രാത്രിയിലും പിറ്റേന്ന് പുലര്‍ച്ചെയും ഓഫായിരുന്നത് ശ്രദ്ധിച്ചു. തുടര്‍ന്ന് ഇതില്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. 

ലിജീഷ് നടത്തുന്ന രണ്ടാമത്തെ മോഷണമാണിതെന്ന് പൊലീസ് വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം കീച്ചേരിയിലെ വീട്ടില്‍ നടന്ന മോഷണവും സമാനരീതിയിലായിരുന്നു. ജനല്‍ക്കമ്പികള്‍ അഴിച്ചുമാറ്റിയാണ് ഇവിടെയും മോഷണം നടത്തിത്. കാര്‍പോര്‍ച്ചിന്‍റെ സൈഡിലുള്ള ജനലഴികള്‍ ഇളക്കി മാറ്റി അകത്തു കടന്ന പ്രതി കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന നാലര ലക്ഷം രൂപ വിലവരുന്ന പതിനൊന്നരപ്പവന്‍ സ്വര്‍ണമാണ് അന്ന് കവര്‍ന്നത്. 

അഷ്റഫിന്‍റെ അയല്‍വാസികള്‍ക്കൊന്നും തന്നെ ലിജീഷിനെ കാര്യമായ പരിചയമില്ല. കവര്‍ച്ച അറിഞ്ഞപ്പോഴും നാട്ടുകാരന്‍ തന്നെയാണ് പ്രതിയെന്ന് അറിഞ്ഞപ്പോഴും ഞെട്ടിപ്പോയെന്ന് പ്രദേശവാസികള്‍ പറയുന്നു. അതേസമയം, കുടുംബത്തെയും വീടിനെയും കുറിച്ച് നന്നായി അറിയാവുന്ന ആരെങ്കിലുമാകും മോഷ്ടിച്ചതെന്ന് അന്നേ തോന്നിയിരുന്നുവെന്ന് വളപട്ടണം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മനോരമന്യൂസിനോട് പറഞ്ഞു. 

ENGLISH SUMMARY:

Kerala Police stated that former expatriate Lijesh is an excellent welder, possessing exceptional skills, including breaking lockers. Lijesh, a neighbor of Ashraf, was arrested today in connection with the sensational robbery in Valapattanam, Kannur district, Kerala. Ashraf, a rice trader, had reported the theft of ₹1 crore in cash and 300 sovereigns of gold from a locker in his bedroom on November 25, 2024. The robbery allegedly occurred on November 20.