സുരക്ഷാജീവനക്കാരനെ കത്തികാട്ടി ഭീഷണിപ്പെടുത്തി 147 പാചക വാതക സിലിണ്ടറുകള്‍ കവര്‍ന്നെടുത്ത് മോഷ്ടാക്കള്‍. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. മിര്‍സ മുറാദ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഗോഡൗണിലാണ് കവര്‍ച്ച നടന്നത്.
സംഭവത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. കവര്‍ച്ചയെ കുറിച്ച് ഗ്യാസ് ഏജന്‍സി അധികൃതരാണ് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ ഡിസിപിക്ക് അന്വേഷണച്ചുമതല നല്‍കിയതായി പൊലീസും അറിയിച്ചു. അക്രമികളെ തിരിച്ചറിയുന്നതിനായി കമ്പനിയിലെയും പരിസര പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കുകയാണ്.
ബിജെപി ഭരണത്തില്‍ നാട്ടിലെ ക്രമസമാധാനം തകര്‍ന്നുവെന്നും നടുക്കുന്ന സംഭവമാണിതെന്നും അഖിവേഷ് യാദവ് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. ഹോളി–ദീപാവസി സമയത്ത് സൗജന്യ പാചകവാതക സിലിണ്ടര്‍ വാഗ്ദാനം ബിജെപി സര്‍ക്കാര്‍ നല്‍കുമെന്ന് സിലിണ്ടര്‍ കവര്‍ന്നവര്‍ പോകുന്നതിന് മുന്‍പ് പറഞ്ഞോയെന്നും അഖിലേഷ് പരിഹസിച്ചു. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാ വീട്ടിലേക്കും ഒരു പാചക വാതക സിലിണ്ടര്‍ ഹോളി– ദീപാവലി ആഘോഷ സമയത്ത് സൗജന്യമായി നല്‍കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. ഇതിനെയാണ് അഖിലേഷ് നിലവിലെ സംഭവത്തോട് ബന്ധിപ്പിച്ച് പരിഹസിച്ചത്.