തെലങ്കാനയില്‍ വനിത പൊലീസ് കോണ്‍സ്റ്റബിളിനെ സഹോദരന്‍ വെട്ടിക്കൊലപ്പെടുത്തി. രംഗ രാജ റെഡ്ഡി ജില്ലയിലെ ഇബ്രാഹിംപട്ടണത്താണ് സംഭവം. ഹയാന്ത് നഗര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്ന നാഗമണിയാണ് കൊല്ലപ്പെട്ടത്. കുടുംബത്തിന്‍റെ എതിര്‍പ്പുകള്‍ വകവയ്ക്കാതെ നാഗമണി ഇതര ജാതിയിലുള്ള ആളെയാണ് വിവാഹം കഴിച്ചത്. ഇതില്‍ കുപിതനായ സഹോദരന്‍ നാഗമണിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പൊലീസ് സ്റ്റേഷനില്‍ നിന്നും ഡ്യൂട്ടി കഴിഞ്ഞ് നാഗമണി സ്കൂട്ടറില്‍ മടങ്ങുന്നതിനിടെയായിരുന്നു സംഭവം. റായ്പോളിനടുത്ത് നാഗമണി എത്തിയപ്പോള്‍ വഴിയില്‍ കാത്തുനിന്ന സഹോദരന്‍ പരമേഷ് തന്‍റെ കാര്‍ സ്കൂട്ടറില്‍ ഇടിപ്പിച്ചു. റോഡിലേക്ക് വീണ സഹോദരിയെ ശസ്ത്രക്രിയയ്ക്കുപയോഗിക്കുന്നതരം കത്തി കൊണ്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ നാഗമണി മരിച്ചു.
ഒരു മാസം മുന്‍പായിരുന്നു നാഗമണിയുടെ വിവാഹം. വിവാഹത്തെ അന്നും സഹോദരന്‍ എതിര്‍ത്തിരുന്നു. കൊന്നുകളയുമെന്ന് ഭീഷണി മുഴക്കിയെങ്കിലും നാഗമണി വകവച്ചില്ല. ഇതില്‍ കുപിതനായാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് പിന്നാലെ പരമേഷ് ഒളിവില്‍ പോയി. തിരച്ചില്‍ ഊര്‍ജിതമാണെന്നും പരമേഷിനെ വൈകാതെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.