AI Generated Image

AI Generated Image

10 വര്‍ഷം മുന്‍പ് മാതാപിതാക്കള്‍ പ്രണയിച്ച് വിവാഹം കഴിച്ചതിന് മൂന്നുവയസുകാരിയായ പിഞ്ചുകു‍ഞ്ഞിനെയും 55കാരിയായ മുത്തശ്ശിയെയും വകവരുത്തി. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. ഉറങ്ങിക്കിടക്കുന്നതിനിടെയാണ് ഗീതാ ദേവിയെയും കൊച്ചുമകള്‍ കല്‍പ്പനയെയും ബന്ധുക്കള്‍ കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയോടെ ബദൂനിലെ വീട്ടില്‍ വച്ചായിരുന്നു കുട്ടിയുടെ മുത്തച്ഛനായ പ്രേംപാലും മകനും  ക്രൂരകൃത്യം നടത്തിയത്. ഗീതയുടെ ഭര്‍ത്താവായ രാംനാഥ് ജോലി കഴിഞ്ഞ് മടങ്ങി വന്നപ്പോഴാണ് ഭാര്യയും കൊച്ചുമകളും മരിച്ചുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

രാംനാഥിന്‍റെ മകനായിരുന്ന വിജയകുമാറും പ്രേംപാലിന്‍റെ മകളായിരുന്ന ആശാദേവിയും 10 വര്‍ഷം മുന്‍പാണ് ഒളിച്ചോടി വിവാഹം കഴിച്ചത്. ഇരുവരും ഒരേ ജാതിയില്‍പ്പെട്ടവരാണെങ്കിലും സാമ്പത്തികമായ അന്തരം വളരെ വലിയതായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുടുംബത്തിന്‍റെ അഭിമാനം കളഞ്ഞ് ആശ ഇറങ്ങിപ്പോകാന്‍ കാരണം വിജയകുമാറാമെന്നും പകരം വീട്ടുമെന്നും പ്രേംപാല്‍ പറഞ്ഞിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രേംപാലിനെ കൂടാതെ മകനും കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പൊലീസിന്‍റെ സംശയം. 

വിവാഹത്തിന് പിന്നാലെ ചെന്നൈയിലെത്തി ജോലി ചെയ്ത് താമസമാക്കിയ ആശയും വിജയ് കുമാറും മകള്‍ കല്‍പ്പനയെ ഒപ്പം കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനിടെയാണ് ദാരുണസംഭവമുണ്ടായത്. കല്‍പ്പനയ്ക്ക് ആറ് മാസമുള്ളപ്പോള്‍ മുതല്‍ മുത്തശ്ശി ഗീതയാണ് വളര്‍ത്തിയിരുന്നത്. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രേംപാലിനായും മകനായും തിരച്ചില്‍ ഊര്‍ജിതമാക്കി.

ENGLISH SUMMARY:

A three-year-old girl and her 55-year-old grandmother were bludgeoned to death while asleep, allegedly by the child's paternal grandfather and uncle, to avenge a decade-old grudge.