കണക്കിൽപ്പെടാത്ത ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ പിടിച്ചെടുത്തതിന് പിന്നാലെ എ.എം.വി.ഐയും നടനുമായ കെ.മണികണ്ഠനു സസ്പൻഷൻ. ഒക്ടോബർ 29 ന് ഒറ്റപ്പാലത്തെ വാടക വീട്ടിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് കണക്കിൽപ്പെടാത്ത പണം പിടിച്ചത്. സബ് റീജിയനൽ ട്രാൻസ്പോർട്ട് ഓഫിസിലും കാസർകോട് ചെറുവത്തൂരിലെ വീട്ടിലും വിജിലൻസ് പരിശോധന നടന്നിരുന്നു.
അനധികൃത സ്വത്ത് സമ്പാദനത്തിന്‍റെ നിരവധി രേഖകളും, തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കോഴിക്കോട്ടെ വിജിലൻസ് സ്പെഷൽ സെൽ എഫ്ഐആർ റജിസ്റ്റർ ചെയ്തതിന് പിന്നാലെയായിരുന്നു പരിശോധന. ഈ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് വിജിലൻസ് റിപ്പോർട്ട് പരിഗണിച്ച് മോട്ടർ വാഹന വകുപ്പിന്‍റെ നടപടി.