അപകടത്തില്‍ പരുക്കേറ്റ കാന്‍സര്‍ രോഗിയായ സ്ത്രീയോട് റാന്നി താലൂക്ക് ആശുപത്രി മെഡിക്കല്‍ ബോര്‍ഡിലെ ഡോക്ടര്‍ മോശമായി പെരുമാറി എന്ന് പരാതി. പത്തനംതിട്ട റാന്നി സ്വദേശിനി സാജിത നൗഫലാണ് പരാതിക്കാരി. ഇന്‍ഷുറന്‍സ് ആവശ്യത്തിനുള്ള സര്‍ട്ടിഫിക്കറ്റിനായി എത്തിയപ്പോള്‍ ഡോക്ടര്‍ മറ്റുള്ളവരുടെ മുന്നില്‍ വച്ച് ആക്രോശിച്ചെന്നും കൈപിടിച്ചു തിരിച്ചെന്നുമാണ് പരാതി.

മൂന്നു വര്‍ഷം മുന്‍പാണ് അപകടത്തില്‍  റാന്നി സ്വദേശിനി ഷാജിതയുടെ കൈ മൂന്നായി ഒടിഞ്ഞത്. കയ്യുടെ സ്കാനിങ്ങിലാണ് എല്ലിനോട് ചേര്‍ന്ന് മുഴ കണ്ടെത്തിയതും കാന്‍സര്‍എന്ന് സ്ഥിരീകരിച്ചതും. . നിലവില്‍ ആര്‍.സിസിയില്‍ ചികില്‍സയിലാണ്. കാന്‍സറിന്‍റേയും ഒടിവിന്‍റേയും ശസ്ത്രക്രിയ ഒരുമിച്ചാണ് നടത്തിയത്. ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റിനായി ചെന്നപ്പോള്‍ ഇതിന്‍റെ രേഖകള്‍ ഡോക്ടര്‍ അംഗീകരിച്ചില്ലെന്ന് ഷാജിത പറയുന്നു. ഇവിടെ വച്ചാണ് ഡോക്ടര്‍ പൊട്ടിത്തെറിച്ചത്. വീണ്ടും കയ്യുടെ എക്സ്റേ എടുക്കാന്‍ നിര്‍ദേശിച്ചു. പക്ഷേ എഴുതിക്കൊടുത്തത് കാലിന്റെ എക്സ്റേയെന്നും ഷാജിത പറയുന്നു.

കാന്‍സര്‍‌ സ്ഥിരീകരിച്ചതോടെ ഭര്‍ത്താവ് ഉപേക്ഷിച്ചു. ടാര്‍പാളിന്‍ കെട്ടിയ വീട്ടിലാണ് ജീവിതം. കയ്യിലെ എല്ലുകള്‍ ദ്രവിച്ചു തുടങ്ങി. ഇന്‍ഷുറന്‍സ് തുക ലഭിച്ചെങ്കിലേ ചികില്‍സ നടക്കൂ. മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും, മനുഷ്യാവകാശ കമ്മിഷനും ഷാജിത പരാതി നല്‍കിയിട്ടുണ്ട്.

ENGLISH SUMMARY:

The complaint is that the doctor of the Medical Board of the Ranni Taluk Hospital misbehaved with the woman who was suffering from cancer and was injured in an accident.