മാനന്തവാടിയിൽ കാമറൂൺ യുവതിയുടെ മൃതദേഹം ഒരാഴ്ച ഷെഡിൽ സൂക്ഷിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. യുവതിയുടെ മരണകാരണ സർട്ടിഫിക്കറ്റ് തയ്യാറാക്കിയത് ആയുർവേദ ഡോക്ടറെന്ന രേഖ മനോരമ ന്യൂസിനു ലഭിച്ചു. പൊലീസ് നൽകിയ എൻ.ഒ.സിയിൽ തിയതി രേഖപ്പെടുത്തിയില്ലെന്നും പരാതി.
കഴിഞ്ഞ മാസം 20 ന് പുലർച്ചയോടെയാണ് കാമറൂൺ സ്വദേശി മോഗ്യും ക്യാപ്റ്റു പാൽവെളിച്ചം ആയുർവേദ യോഗാവില്ല റിസോർട്ടിൽ വെച്ച് മരണപ്പെട്ടത്. കാൻസർ രോഗിയായിരുന്നു യുവതിയുടെ മരണം സ്ഥിരീകരിച്ചു സർട്ടിഫിക്കറ്റ് നൽകിയത് ആയുർവേദ ഡോക്ടറാണ്. ഔദ്യോഗികമായി മരണം സ്ഥിരീകരിക്കേണ്ടതും സർട്ടിഫിക്കറ്റ് നൽകേണ്ടതും അലോപ്പതി ഡോക്ടറാണെന്നാണ് ചട്ടം. എന്നാൽ യുവതിയുടെ മരണത്തിൽ അതൊന്നും പാലിക്കപെട്ടിട്ടില്ല. സർട്ടിഫിക്കറ്റിന്റെ പകർപ്പ് മനോരമ ന്യൂസിനു ലഭിച്ചു
വിദേശ പൗരയായത് കൊണ്ട് മൃതദേഹം ആശുപത്രിയിലെത്തി പരിശോധന പൂർത്തിയാക്കണമെന്ന വ്യവസ്ഥയും പാലിക്കപ്പെട്ടില്ല. ആശുപത്രിയിലെത്തിക്കാതെ മൃതദേഹം ആംബുലൻസ് ഡ്രൈവറുടെ ഷെഡിലേക്ക് കൊണ്ടു പോവുകയായിരുന്നു. മൃതദേഹം റിസോർട്ടിൽ നിന്ന് പുറത്തിറക്കുമ്പോൾ പോലും പൊലീസിന്റെ സാന്നിധ്യമുണ്ടായിരുന്നില്ല
മരണത്തെ പറ്റി ഡി.എം.ഒ പോലും വിവരമറിഞ്ഞത് മനോരമ ന്യൂസ് വാർത്തക്കു പിന്നാലെയാണ്. ആയുർവേദ റിസോർട്ടായിരുന്നിട്ടും ആയുർവേദ ഡി.എം.ഒ പോലും വിവരമറിയിച്ചില്ല. അതിനിടെ മൃതദേഹം
കൊണ്ടു പോകാൻ തിരുനെല്ലി പൊലീസ് നൽകിയ എ.എൻ.ഒ സിയിൽ തിയതി രേഖപ്പെടുത്തിയില്ലെന്നും പരാതി ഉയരുന്നുണ്ട്