കൊല്ലം ചെമ്മാംമുക്കില്‍ യുവതിയെ ഭര്‍ത്താവ് നടുറോഡില്‍ തീകൊളുത്തിക്കൊന്നു. കാറില്‍പ്പോവുകയായിരുന്ന ഭാര്യയെയും കൂടെയുണ്ടായിരുന്ന യുവാവിനെയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് മരിച്ചത്. ഭര്‍ത്താവ് പത്മരാജനെ കസ്റ്റഡിയിലെടുത്തു. അനിലയ്ക്കൊപ്പം കാറിലുണ്ടായിരുന്ന സോണി എന്ന യുവാവ് പൊള്ളലേറ്റ് ആശുപത്രിയിലാണ്.
ആശ്രമം ഭാഗത്ത് ബേക്കറി നടത്തുകയാണ് അനില. യുവാവുമായി അനിലയ്ക്ക് ബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകം. എന്നാല്‍ താന്‍ സംശയിച്ച യുവാവല്ല കാറിലുണ്ടായിരുന്നതെന്നും അനിലയോടൊപ്പം ബേക്കറിയില്‍ ജോലി ചെയ്യുന്ന യുവാവായിരുന്നു കാറിലെന്നും പത്മരാജന്‍ പൊലീസിനോടു പറഞ്ഞു. മറ്റൊരു കാറില്‍ പെട്രോളുമായെത്തിയ പത്മരാജന്‍ കാര്‍ തടഞ്ഞ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ശേഷം പത്മരാജന്‍ ഓട്ടോയില്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.