alappuzha-kalarkode-bus-car

ആലപ്പുഴ കളര്‍ക്കോട് വാഹനാപകടത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് റിപ്പോര്‍ട്ട് നല്‍കി. അപകടം നാലുകാരണങ്ങളാലെന്നാണ് റിപ്പോര്‍ട്ടില്‍. വെളിച്ചക്കുറവ്, അമിതഭാരം, വെള്ളത്തിന്‍റെ സാന്നിധ്യം എന്നിവയാണ് പ്രധാന കാരണങ്ങള്‍. വാഹനം ഓടിച്ചയാളുടെ പരിചയക്കുറവ് മറ്റൊരു കാരണം. വാഹനത്തിന്‍റെ പഴക്കം, സുരക്ഷ സംവിധാനങ്ങളുടെ അപര്യാപ്തതയും കാരണങ്ങളെന്ന് റിപ്പോര്‍ട്ട്.

 

അതേസമയം, വാഹനാപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതി ചേര്‍ത്ത് എഫ്ഐആര്‍. മനുഷ്യജീവന് അപകടം ഉണ്ടാക്കുന്ന തരത്തില്‍ വാഹനമോടിച്ചു എന്നാണ് കേസ്. ആദ്യവിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള എഫ്ഐആര്‍ എന്ന് പൊലീസ് പറഞ്ഞു. ദൃശ്യങ്ങളും, മൊഴികളും അടിസ്ഥാനമാക്കി  കേസില്‍ മാറ്റം വരുമെന്നും പൊലീസ് വ്യക്തമാക്കി.

ആലപ്പുഴ മെഡിക്കല്‍ കോളജിലെ സഹപാഠികളും, അധ്യാപകരും, വന്‍ ജനാവലിയും വിടനല്‍കിയതിന് പിന്നാലെ, മൃതദേഹങ്ങള്‍ വീടുകളിലേക്ക് കൊണ്ടുപോയി. ആയുഷ് ഷാജിയുടെ മൃതദേഹം കാവാലത്തെ വീട്ടിലെത്തിച്ചു. ഇന്‍ഡോറിലുള്ള മാതാപിതാക്കളും സഹോദരിയും വൈകിട്ടോടെ വീട്ടിലെത്തും. കോട്ടയം മറ്റക്കര സ്വദേശി ദേവനന്ദന്‍റെ മൃതദേഹം കുടുംബ വീട്ടിലെത്തിച്ചു. ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശിയായ മുഹമ്മദ് ഇബ്രാഹിമിന്‍റെ മൃതദേഹം കൊച്ചി ടൗണ്‍ ജുമാ മസ്ജിദില്‍ കബറടക്കി. പാലക്കാട് സ്വദേശി ശ്രീദീപ് വല്‍സന്‍റെ മൃതദേഹം നാലരയോടെ ശേഖരിപുരത്തെ വീട്ടിലെത്തിക്കും. സംസ്കാരം വൈകിട്ട് ആറിന് ചന്ദ്രനഗര്‍ ശ്മശാനത്തില്‍ നടക്കും.

ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ അഞ്ചുപേരാണ് അപകടത്തില്‍ മരിച്ചത്. മലപ്പുറം കോട്ടയ്ക്കല്‍ ശ്രീവര്‍ഷത്തില്‍ ദേവനന്ദന്‍(19), പാലക്കാട് ശേഖരീപുരം ശ്രീവിഹാറില്‍ ശ്രീദേവ് വല്‍സന്‍(19), കോട്ടയം ചേന്നാട് കരിങ്കുഴിക്കല്‍ ആയുഷ് ഷാജി(19), ലക്ഷദ്വീപ് ആന്ത്രോത്ത് പക്രിച്ചിയപ്പുര പി.പി. മുഹമ്മദ് ഇബ്രാഹിം(19), കണ്ണൂര്‍ വെങ്ങര പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍(19) എന്നിവരാണ് മരിച്ചത്. പരുക്കേറ്റ ആറുപേരില്‍ രണ്ടുവിദ്യാര്‍ഥികളുടെ നില ഗുരുതരമാണ്.

ENGLISH SUMMARY:

The Motor Vehicles Department has released a report detailing four main causes behind the Alappuzha Kalarcode vehicle accident. The report cites inadequate lighting, overloading, and the presence of water on the road as major factors. Additionally, the driver's lack of experience and the vehicle's age, along with insufficient safety features, were also identified as contributing factors to the accident. The department has called for further measures to address these issues to prevent future incidents.