തിരുവനന്തപുരം പാലോട് ഇളവട്ടത്ത് ഭർതൃവീട്ടിൽ നവവധുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊളച്ചൽ കൊന്നമൂട് സ്വദേശി ഇന്ദുജയാണ് മരിച്ചത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. കിടപ്പുമുറിയുടെ ജനാലയിലാണ് ഇന്ദുജയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. അസ്വഭാവിക മരണത്തിനു പാലോട് പോലീസ് കേസെടുത്തു.
Read Also: ഭര്‍തൃവീട്ടില്‍ നവവധു മരിച്ചനിലയില്‍; കിടപ്പുമുറിയിലെ ജനലില്‍ തൂങ്ങിയ നിലയില്‍
ഉച്ചയ്ക്ക് ഒന്നരയോടെ ഭര്‍ത്താവ് അഭിജിത്ത് വീട്ടില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ്, രണ്ടാം നിലയിലെ കിടപ്പു മുറിയുടെ ജനലില്‍ തൂങ്ങിയ നിലയില്‍ ഇന്ദുജയെ കണ്ടത്. സ്വകാര്യ വാഹനകമ്പനിയിലെ കരാര്‍ ജീവനക്കാരനായ അഭിജിത്ത്, ജോലിക്ക് പോയ സമയത്താണ് ഭാര്യ കെട്ടിതൂങ്ങിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്ന ഇന്ദുജയും അഭിജിത്തും മൂന്ന് മാസം മുന്‍പാണ് വിവാഹം കഴിച്ചത്. അഭിജിത്തുമായുള്ള വിവാഹത്തിന് ഇന്ദുജയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പ് ഉണ്ടായിരുന്നു. ഇൗ എതിര്‍പ്പ് അവഗണിച്ചാണ് തിരുവനന്തപുരം വഞ്ചിയൂരിലെ സ്വകാര്യ ലാബ് ജീവനക്കാരിയായ ഇന്ദുജ അഭിജിത്തിനൊപ്പം ജീവിക്കാന്‍ തീരുമാനിച്ചത്.
രണ്ട് ദിവസമായി ഇന്ദുജ ജോലിക്ക് പോയിരുന്നില്ല. അഭിജിത്തിന്‍റെ മുത്തശ്ശി മാത്രം വീട്ടിലുള്ള സമയത്താണ്, ഇന്ദുജ ആത്മഹത്യ ചെയ്തതെന്ന നിഗമനത്തിലാണ് പോലീസ്. തൂങ്ങിയ നിലയില്‍ കാണുമ്പോള്‍ ഇന്ദുജക്ക് ജീവനുണ്ടായിരുന്നെന്നും ജില്ലാ ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേ ആണ് മരണം സംഭവിച്ചതെന്നുമാണ് അഭിജിത്തിന്‍റെ കുടുംബം പോലീസിന് നല്‍കിയ വിവരം. അതേസമയം, മകളുടെ ആത്മഹത്യയില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ദുജയുടെ അച്ഛന്‍ ശശിധരന്‍ കാണി പാലോട് പോലീസില്‍ പരാതി നല്‍കി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.