ചിപ്സ് കയറ്റുമതിക്ക് പുറമേ ഏലയ്ക്ക വ്യാപാരത്തിന്റെ പേരിൽ ഇടുക്കിയിലും കോടികളുടെ തട്ടിപ്പ് നടത്തി കൊടുങ്ങല്ലൂർ സ്വദേശി നസീമുദ്ദീൻ. അങ്കമാലി മൂക്കന്നൂർ സ്വദേശിയുടെ പണം തട്ടുന്നതിന് മുൻപ് രാജാക്കാട് സ്വദേശി പ്രകാശ് മണിമന്ദിരത്തില്‍ നിന്ന് ഒരു കോടി ഇരുപത് ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. നസീമുദ്ദീന്‍ മുങ്ങിയതോടെ കടം വീട്ടാൻ വീടും പറമ്പും വിറ്റ പ്രകാശ് ഇപ്പോള്‍ വാടക വീട്ടിലാണ് താമസം.
ചെറിയ തോതില്‍ ഏലക്ക വ്യാപാരം നടത്തിയ പ്രകാശിനെ നസീമുദീന്‍ ചതിക്കുഴിയില്‍ വീഴ്ത്തിയത് 2020ലാണ്. ഒരായുസു നീണ്ട അധ്വാനമെല്ലാം നസീമുദീന്‍റെ ചതിയില്‍ ഒറ്റദിവസംകൊണ്ട് പ്രകാശിന് നഷ്ടപ്പെട്ടു. ഭാര്യയെയും മക്കളെയും കൂട്ടി പെരുവഴിയിലേക്കിറങ്ങുമ്പോള്‍ ആ കൊടും ചതിയുടെ നീറ്റലായിരുന്നു ഉള്ളുനിറയെ. നസീമുദ്ദീന്‍റെ ചതിയില്‍ പെരുവഴിയിലായ വനജ ചിപ്സ് ഉടമ മോഹനനെ മനോരമ ന്യൂസില്‍ കണ്ടതോടെയാണ് പ്രകാശന്‍ തനിക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞത്. Also Read: ചിപ്സ് കയറ്റുമതി തട്ടിപ്പില്‍ കുരുങ്ങി; കോടികളുടെ കടക്കെണിയിലായി സംരംഭകന്‍
വാടക വീടിനു സമീപമുള്ള അക്ഷയ സെന്ററാണ് പ്രകാശന്‍റെ നിലവിലെ ഉപജീവനമാര്‍ഗം. പണം കിട്ടുമെന്ന് പ്രതീക്ഷയില്ല പക്ഷെ നസീമുദിന്റെ ചതിയിൽ ഇനിയാരും വീഴാതിരിക്കാന്‍ പൊലീസിന്‍റെ കര്‍ശനടപടി വേണമെന്നാണ് ആവശ്യം.