കൊല്ലം കൊട്ടാരക്കര സബ് ജയിലിൽ സഹതടവുകാരെയും ജയിൽ ഒാഫിസര്‍മാരെയും ആക്രമിച്ച തടവുകാരനെ പ്രത്യേക സെല്ലിലേക്ക് മാറ്റി. ചവറ പന്മന സ്വദേശി ശ്രീകുമാറാണ് ജയിലില്‍ അക്രമാസക്തനായത്. മുന്‍പ് കൊലക്കേസ് പ്രതിയായിരുന്ന ശ്രീകുമാര്‍ പുനലൂരിലെ കവര്‍ച്ചാക്കേസിലാണ് കൊട്ടാരക്കര ജയിലില്‍ എത്തിയത്.
കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ത്തതിന് ചില്ല് ശ്രീകുമാര്‍ എന്ന് വിളിപ്പേരു വീണ ശ്രീകുമാര്‍ രണ്ടു തടവുകാരെ മര്‍ദിച്ചതോടെയാണ് പ്രശ്നത്തിന് തുടക്കം. തടവുകാരെ പരുക്കേല്‍പ്പിച്ചതോടെ പിടിച്ചുമാറ്റാനായി എത്തിയ രണ്ടു ജയില്‍ ഓഫിസര്‍മാരെയും ആക്രമിച്ചു. കായംകുളത്ത് നൗഷാദ് വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച് കഴിഞ്ഞവര്‍ഷമാണ് ശ്രീകുമാര്‍ പുറത്തിറങ്ങിയത്.
കായംകുളം, മാന്നാര്‍ കേന്ദ്രീകരിച്ചുളള കവര്‍ച്ചാ സംഘത്തിലെ കണ്ണിയാണ് ശ്രീകുമാറെന്ന് പൊലീസ് അറിയിച്ചു. പഴയ സ്വര്‍ണം നല്‍കാമെന്ന പേരില്‍ ആളിനെ വിളിച്ചുവരുത്തി അഞ്ചുലക്ഷം രൂപ തട്ടിയെടുത്തതിന് കഴിഞ്ഞമാസം പതിനേഴിനാണ് ശ്രീകുമാറിനെ കൊട്ടാരക്കരയില്‍ റിമാന്‍ഡ് ചെയ്തത്. കഴിഞ്ഞദിവസം ഹരിപ്പാട് കോടതിയില്‍ കൊണ്ടുപോയപ്പോഴും പ്രതി ആക്രമണസ്വഭാവം കാട്ടിയിരുന്നതായാണ് വിവരം.