കൊല്ലത്ത് ചിന്നക്കട റെയില്‍വേ ഗേറ്റിനെച്ചൊല്ലി റെയില്‍വേയും കോര്‍പറേഷനും തമ്മിലുളള തര്‍ക്കം രൂക്ഷമാകുന്നു. റെയില്‍വേ ഗേറ്റിന്റെ പരിപാലനത്തിനും അറ്റകുറ്റപ്പണിക്കും കോർപറേഷൻ പണം നല്‍കണമെന്ന റെയില്‍വേയുടെ ആവശ്യത്തിലാണ് തര്‍ക്കം. അറ്റകുറ്റപ്പണിയുടെ പേരില്‍ ലവല്‍ക്രോസ് റെയില്‍വേ അടച്ചതോടെ മൂന്നാഴ്ചയായി യാത്രക്കാര്‍ വട്ടംകറങ്ങുകയാണ്.
അറ്റകുറ്റപ്പണിയുടെ പേരില്‍ കഴിഞ്ഞ മൂന്നാഴ്ച മുന്‍പാണ് നഗരഹൃദയത്തിലെ ചിന്നക്കട റെയില്‍വേഗേറ്റ് റെയില്‍വേ പൂട്ടിയത്. പാളവും റോഡും തമ്മിൽ ബലപ്പെടുത്തുന്ന ഇരുമ്പ് പ്ലേറ്റുകളൊക്കെ ഇളക്കിമാറ്റി റോഡ് കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണ്. റെയില്‍വേ ഗേറ്റിന്റെ പരിപാലനത്തിനും അറ്റകുറ്റപ്പണിക്കും 1.90 കോടി അടയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മേയ് അഞ്ചിന് കോര്‍പറേഷന് റെയില്‍വേ കത്ത് നല്‍കിയിരുന്നു.
പണം നല്‍കാത്തതിനാല്‍ അറ്റകുറ്റപ്പണിയുടെ പേരില്‍ ഗേറ്റ് റെയില്‍വേ പൂട്ടിയെന്നാണ് വിവരം. പണം നല്‍കണമെന്ന വ്യവസ്ഥയുണ്ടെന്ന റെയില്‍വേയുടെ വാദത്തിനെതിരെ പ്രതിഷേധം ശക്തമാണ്. സിഐടിയു തുടങ്ങി വച്ച സമരം വരുംദിവസങ്ങളില്‍ സിപിഎം ഏറ്റെടുക്കും.
കോര്‍പേറേഷനുമായുളള കരാറിന്‍റെ രേഖകള്‍ റെയില്‍വേയോട് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചിട്ടില്ലെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് അറിയിച്ചു. ഗേറ്റ് അടച്ചത് വ്യാപാരികളെയും യാത്രക്കാരെയും ബാധിച്ചു. സ്ഥലത്തിന്‍റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി നഗരത്തില്‍ പലയിടത്തും റെയില്‍വേയും കോര്‍പറേഷനും തമ്മില്‍ തര്‍ക്കമുണ്ട്.