ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ മൂന്ന് കൊലപാതകങ്ങള്‍. ഷഹ്ദാര ജില്ലയില്‍ രാവിലെ പ്രഭാത സവാരി കഴിഞ്ഞ് മടങ്ങുകയായിരുന്നു വ്യവസായിയെ വെടിവച്ചുകൊന്നു. വികാസ് പുരിയില്‍ ഇന്നലെ രാത്രി അമ്മയെ മകന്‍ കുത്തിക്കൊന്നു. ഗോവിന്ദ് പുരിയില്‍ അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ കുത്തേറ്റയാള്‍ മരിച്ചു.
ഷഹ്ദാര ജില്ലയിലെ ഫര്‍ഷ് ബസാറില്‍ രാവിലെ എട്ടരയോടെയാണ് പ്രഭാത സവാരികഴിഞ്ഞുവരികയായിരുന്ന സുനില്‍ ജെയിന്‍ വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയ രണ്ടുപേര്‍ പേരുചോദിച്ച ശേഷം നിറയൊഴിക്കുകയായിരുന്നു. നാലുറൗണ്ട് വെടിയുതിര്‍ത്തതായി പൊലീസ് പറഞ്ഞു. മാസ്ക് ധരിച്ചെത്തിയ അക്രമികള്‍ ഉടന്‍ രക്ഷപ്പെട്ടു. സുനില്‍ ജെയിനിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ക്രോക്കറി ഷോപ്പ് നടത്തുന്ന സുനില്‍ ജെയിനിന് നേരത്തെ ഭീഷണിയൊന്നും ഉണ്ടായിരുന്നില്ലെന്ന് കുടുംബം അറിയിച്ചു.
വികാസ് പുരിയിലെ ഖയാലയില്‍ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ അനുവദിക്കാത്തതിനാണ് 22 വയസുകാരന്‍ അമ്മയെ കുത്തിക്കൊന്നത്. പ്രതി സാവനെ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണശ്രത്തിനിടെ അക്രമികള്‍ കൊന്നതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സാവന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. ഗോവിന്ദ് പുരിയില്‍ ശുചിമുറി വൃത്തിയാക്കുന്നതിനെ ചൊല്ലി അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സുധീര്‍ എന്നയാളാണ് മരിച്ചത്.