ഡല്‍ഹിയില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശംകൂട്ടി പ്രധാനമന്ത്രിയുടെ പരിവര്‍ത്തന്‍ യാത്ര റാലി. ആംആദ്മി പാര്‍ട്ടിയെ ദുരന്തമെന്ന് പരിഹസിച്ച മോദി ഡല്‍ഹിയെ വികസിത നഗരമാക്കാന്‍ ബി.ജെ.പിക്ക് അവസരം നല്‍കണമെന്നും അഭ്യര്‍ഥിച്ചു. മീററ്റ് – ഡല്‍ഹി നമോഭാരത് ട്രെയിന്‍റെ സാഹിബാബാദ്– ന്യൂ അശോക് നഗര്‍ പാത ഉള്‍പ്പെടെ പന്ത്രണ്ടായിരം കോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ആംആദ്മി പാര്‍ട്ടി ഭരണം ഡല്‍ഹിയുടെ വികസനം മുരടിപ്പിച്ചെന്നും ജനങ്ങള്‍ മാറ്റത്തിന് ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി. അഴിമതിക്കെതിരെ എന്ന് പറഞ്ഞാണ് ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ എത്തിയത് എന്നാല്‍ ഇന്ന് പാര്‍ട്ടിയുടെ പ്രധാന നേതാക്കളെല്ലാം കോടികളുടെ അഴിമതിക്കേസുകളില്‍ പ്രതിയാണെന്നും മോദി.
നമോഭാരത് ട്രെയിനിന്‍റെ സാഹിബാബാദ്– ന്യൂ അശോക് നഗര്‍ പാത ഉദ്ഘാടനത്തിന് ശേഷം മോദി ട്രെയിനില്‍ യാത്രചെയ്തു. യാത്രക്കാരായ വിദ്യാര്‍ഥികളുമായും മോദി സംവദിച്ചു. പുതിയ പാത തുറന്നതോടെ മീററ്റില്‍ നിന്നുള്ള നമോഭാരത് ട്രെയിന്‍ ഡല്‍ഹിയിലേക്കെത്തി. ഡല്‍ഹി മെട്രോ നാലാംഘട്ടത്തിന്‍റെ ഭാഗമായുള്ള ജനക്പുരി– കൃഷ്ണ പാര്‍ക്ക് പാത ഉദ്ഘാടനംചെയ്തു. 26.5 കിലോമീറ്റര്‍ ദൈര്‍ഖ്യമുള്ള റിതാല– കുണ്ഡ്‌ലി മെട്രോ പാതയ്ക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു