ശുചിത്വമിഷന്റെ പേരില്‍ പണപ്പിരിവ് നടത്തിയ രണ്ടുപേരെ കൊല്ലം പൂയപ്പളളി പൊലീസ് പിടികൂടി. മാലിന്യം ശേഖരിക്കാന്‍ ബക്കറ്റ് വയ്ക്കാനുളള പദ്ധതിയെന്ന പേരില്‍ വീടുകളിലും കടകളിലുമൊക്കെ എത്തിയാണ് പ്രതികള്‍ പണം പിരിച്ചത്.
പള്ളിയ്ക്കൽ ഇളമ്പ്രക്കോട് സ്വദേശി അൽഅമീൻ, നിലമേൽ ചേറാട്ടുകുഴി സ്വദേശി മൻഷാദ് എന്നിവരാണ് പിടിയിലായത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ശുചിത്വമിഷനും ചേർന്ന് വീടുകളിൽ നിന്ന് ജൈവമാലിന്യം ശേഖരിക്കുന്നതിനായി ബക്കറ്റുകൾ സ്ഥാപിക്കുന്ന പദ്ധതിയുടെ പേരിലായിരുന്നു പ്രതികളുടെ വ്യാജപ്പണപ്പിരിവ്. മൂന്നു ബക്കറ്റിന് 1500 രൂപയാകുമെന്നും പദ്ധതിയില്‍ ചേര്‍ന്നില്ലെങ്കില്‍ പഞ്ചായത്തിന്റെ പിഴ ലഭിക്കുമെന്നും പറഞ്ഞാണ് പ്രതികള്‍ വീടുകളും കടകളും കയറിയിറങ്ങിയത്.
വെളിനല്ലൂര്‍ പഞ്ചായത്തിലെ റോഡുവിള ചന്തയില്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ക്ക് സംശയം തോന്നി. പഞ്ചായത്ത് പ്രസിഡന്റിനെ ചിലര്‍ ഫോണ്‍ വിളിച്ച് ചോദിച്ചപ്പോള്‍ ഇങ്ങനെയൊരു പണപ്പിരിവ് ഇല്ലെന്ന് പറഞ്ഞു. തുടര്‍ന്ന് നാട്ടുകാർ ചേർന്ന് ഇരുവരെയും പിടികൂടി പൂയപ്പള്ളി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പരിസ്ഥിതി സംരക്ഷണ സമിതിയുടെ രസീതുകളും പ്രതികള്‍ അച്ചടിച്ച് കൈവശം വച്ചിരുന്നു. അല്‍അമീന്‍ നിരവധി കേസുകളിലെ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.