കൊച്ചിയില്‍ ഗുണ്ടകളുടെ ഭീഷണിഭയന്ന് ജീവനൊടുക്കിയ കേസില്‍ കുപ്രസിദ്ധ ഗുണ്ട ഹരീഷ് പാപ്പി അറസ്റ്റില്‍. തിരുവാണീയൂര്‍ സ്വദേശി ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ഹില്‍പാലസ് പൊലീസാണ് പ്രതിയെ പിടികൂടിയത്. കൊലപാതകം, ബലാല്‍സംഗം അടക്കം പതിനേഴ് കേസുകളില്‍ പ്രതിയാണ് പിടിയിലായ ഹരീഷ് പാപ്പി. ഇന്നലെ രാവിലെയാണ് തിരുവാങ്കുളത്ത് ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പോക്കറ്റില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യാകുറിപ്പില്‍ തന്‍റെ മരണത്തിന് ഉത്തരവാദി ഹരീഷ്, മാണിക്യന്‍ എന്നിവരാണെന്ന് എഴുതിയിരുന്നു. അസംസ്വദേശിയെ ആക്രമിച്ച പണം കവര്‍ന്ന കേസില്‍ അറസ്റ്റിലായ ഹരീഷ്, മാണിക്യന്‍ എന്നിവരെ ജാമ്യത്തിലിറക്കാന്‍ എത്താതിരുന്നതിന് ബാബുവിനെ ഇരുവരും കഴിഞ്ഞ ദിവസം മര്‍ദിച്ചു. വധിക്കുമെന്നും ഭീഷണിപ്പെടുത്തി. പൊലീസില്‍ പരാതി നല്‍കി മൂന്നാംദിവസമാണ് ബാബു ജീവനൊടുക്കിയത്. മാണിക്യനായി അന്വേഷണം പുരോഗമിക്കുക.