ഒന്നിച്ചിട്ടും ഒന്നിച്ച് ജീവിക്കാന്‍ അനുവദിക്കാതെ നാഗമണിയെ ശ്രീകാന്തില്‍ നിന്ന് തട്ടിപ്പറിച്ചെടുത്ത് ജാതിവെറി. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം നാഗമണി എന്ന ഇരുപത്തിയേഴുകാരിയായ പൊലീസ് കോണ്‍സ്റ്റബിള്‍ അനുജനാല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നടുക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ജാതിയില്‍ താഴ്ന്നയാളെ വിവാഹം കഴിച്ച സഹോദരിയെ കൊല്ലാന്‍ കാറില്‍ പുതിയൊരു കത്തി വാങ്ങി സൂക്ഷിച്ച് ദിവസങ്ങളോളം അനുജന്‍ കാത്തിരുന്നു.
‘എന്‍റെ അനിയന്‍... അവന്‍ എന്‍റെ സ്കൂട്ടറില്‍ കാര്‍ ഇടിച്ചുകയറ്റി, അവനെന്നെ കൊല്ലും...’ എന്ന വാക്കുകളാണ് അവസാനമായി ശ്രീകാന്ത് നാഗമണിയില്‍ നിന്ന് കേട്ടത്. പിന്നീട് ഫോണ്‍കോള്‍ കട്ടായി. തിരിച്ചുവിളിച്ചിട്ട് കിട്ടിയതുമില്ല. എന്തുപറ്റിയെന്നറിയാതെ ഓടിപാഞ്ഞെത്തിയ ശ്രീകാന്ത് കണ്ടത് ചേതനയറ്റ നാഗമണിയെയാണ്. ഹൈദരബാദില്‍ നടന്ന സംഭവം രാജ്യത്താകെ ചര്‍ച്ചയാകുകയാണ്. ഡിസംബര്‍ ഒന്നിനാണ് നാഗമണി കൊല്ലപ്പെട്ടത്. വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവച്ചതോടെ സംഭവം ദേശീയതലത്തില്‍ ശ്രദ്ധേയമാകുകയാണ്.
റായ്പോളിലാണ് ഇവരുടെ വീട്. ഒന്നിച്ച് പഠിച്ചവരാണ് ശ്രീകാന്തും നാഗമണിയും. പ്ലസ് ടു കാലത്ത് മൊട്ടിട്ട പ്രണയം. എന്നാല്‍ വെല്ലുവിളികളും വിധിയും മറ്റൊന്നായിരുന്നു. 2005ല്‍ നാഗമണിയുടെ അമ്മ മരിച്ചു. 2011ല്‍ അസുഖബാധിതനായി അച്ഛനും മരണപ്പെട്ടു. നാഗമണിക്ക് രണ്ട് സഹോദരങ്ങളാണ്. മാതാപിതാക്കളുടെ മരണശേഷം ഇവര്‍ മൂന്നുപേരും ഒരു ബന്ധുവിന്‍റെ വീട്ടിലായിരുന്നു. അവിടെവച്ച് പ്രായപൂര്‍ത്തിയാകും മുന്‍പ് നാഗമണിയെ തന്നെക്കാള്‍ വളരെ പ്രായമുള്ള, സ്വന്തം ജാതിയില്‍പെട്ട ഒരാളുമായി വിവാഹം കഴിപ്പിച്ചു. 2015ല്‍ ആ വിവാഹജീവിതം നാഗമണി അവസാനിപ്പിച്ചു.
ബന്ധുക്കളും സഹോദരങ്ങളും കടുത്ത എതിര്‍പ്പുയര്‍ത്തി. വിവാഹബന്ധം തുടരാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ഹൈദരാബാദിലുള്ള ഒരു ഹോസ്റ്റലിലേക്ക് മാറിക്കൊണ്ട് തനിക്ക് വിവാഹസമ്മാനമായി ലഭിച്ച ഒരേക്കര്‍ സ്ഥലം നാഗമണി സഹോരനായ പരമേശിനെ ഏല്‍പിച്ചു. ഹോസ്റ്റലില്‍ നിന്ന് പൊലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുത്തു. മകളെ ഒരു പൊലീസ് കോണ്‍സ്റ്റബിളായി കാണണമെന്ന അമ്മയുടെ സ്വപ്നത്തിനായി അവള്‍ പോരാടി. ഇതിനിടെ വര്‍ഷങ്ങള്‍ നീണ്ട കേസിനൊടുവില്‍ വിവാഹബന്ധം നിയമപരമായി വേര്‍പിരിഞ്ഞു.
നാഗമണിക്ക് ഇതിനെല്ലാമുള്ള ഊര്‍ജമായി ഒപ്പം നിന്നത് ശ്രീകാന്തായിരുന്നു. പഠനത്തിനും താമസത്തിനുമാവശ്യമായ പണം ചെറിയ ജോലികള്‍ ചെയ്ത് ശ്രീകാന്ത് സ്വരുക്കൂട്ടി നല്‍കി. 2020ലും 2022ലും പൊലീസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റില്‍ നാഗമണിയുടെ പേര് വന്നു. നാഗമണിക്ക് പോസ്റ്റിങ് ലഭിച്ചത് ഹൈദരാബാദിലെ ഹയാത്‌നഗര്‍ പൊലീസ് സ്റ്റേഷനില്‍. സംസ്ഥാന കാര്‍ഷിക വികസന വകുപ്പില്‍ ടെക്നീഷ്യനായി ജോലി ചെയ്യുകയാണ് ശ്രീകാന്ത്. ജോലിയും കൂടി ലഭിച്ചതോടെ കഴിഞ്ഞ മാസം നവംബര്‍ പത്തിന് ഇരുവരും ഒരു അമ്പലത്തില്‍ വച്ച് വിവാഹിതരായി. വിവാഹത്തിനു പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി ബന്ധുക്കളുടെ ഭീഷണിയുണ്ടെന്നും സുരക്ഷ വേണമെന്നും ഇരുവരും ആവശ്യപ്പെട്ടു. നാഗമണിയുടെ ബന്ധുക്കളെ വിളിച്ച് ഇവരെ ഒരുതരത്തിലും ശല്യപ്പെടുത്തരുതെന്ന് പൊലീസ് താക്കീത് ചെയ്തു.
കഴിഞ്ഞ ആഴ്ച അവധി കഴിഞ്ഞ് റായ്പോളില്‍ നിന്ന് ഹൈദരാബാദിലേക്ക് മടങ്ങുംവഴിയാണ് അരുംകൊല നടന്നത്. രാവിലെ എട്ടരയോടെ കാറില്‍ ശ്രീകാന്ത് ആദ്യം വീട്ടില്‍ നിന്നിറങ്ങി. പിന്നാലെ നാഗമണിയും. നാഗമണിയുടെ വീടിനു സമീപത്തുകൂടിയായിരുന്നു ഇവര്‍ക്ക് പോകേണ്ടിയിരുന്നത്. എന്തെങ്കിലും പ്രശ്നമുണ്ടായാലോ എന്ന് ഭയന്ന് ഇരുവരും ആളൊഴിഞ്ഞ മറ്റൊരു വഴിയിലൂടെ ഹൈദരാബാദിലേക്ക് പോകാമെന്ന് തീരുമാനിച്ചു. എന്നാല്‍ പരമേശും കൂട്ടാളികളും ഇത് മുന്‍കൂട്ടി കണ്ട് വഴിയില്‍ കാത്തുനിന്നു. നേരത്തെ തന്നെ നാഗമണിയെ കൊല്ലനായി ഒരു കത്തി വാങ്ങി പരമേശ് തന്‍റെ വണ്ടിയില്‍ സൂക്ഷിച്ചിരുന്നു. സ്കൂട്ടറില്‍ വരികയായിരുന്ന നാഗമണിയെ വാഹനമിടിപ്പിച്ച് വീഴ്ത്തി ക്രൂരമായി കൊലചെയ്തു.
ദുരഭിമാനക്കൊലയാണോ അതോ നാഗമണി സഹോദരന് നല്‍കിയ ഒരേക്കര്‍ സ്ഥലത്തിന്‍റെ പേരില്‍ എന്തെങ്കിലും തര്‍ക്കമുണ്ടായിരുന്നോ, അതിന്‍റെ പേരിലാണോ കൊല നടന്നത് എന്ന കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു. എന്നാല്‍ ആ സ്ഥലത്തിന്‍റെ പേരിലുണ്ടായതല്ല ഈ കൊലപാതകമെന്ന് തറപ്പിച്ച് പറയുകയാണ് ശ്രീകാന്തും കുടുംബവും. ജോലിയില്‍ പൂര്‍ണ ആത്മാര്‍ഥതയും ആത്മവിശ്വാസവുമുള്ള കരുത്തയായിരുന്നു നാഗമണി എന്നാണ് സഹപ്രവര്‍ത്തകര്‍ ഓര്‍ത്തെടുക്കുന്നത്. നാഗമണിക്ക് നീതിവേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഇവര്‍.