ബന്ധമുപേക്ഷിച്ചതിന് പ്രതികാരമായി കാമുകിയെ രണ്ടര വയസ്സുകാരിയായ മകളുടെ കണ്‍മുന്നില്‍ വച്ച് കാമുകന്‍ കൊലപ്പെടുത്തി. മൃതദേഹം പിന്നീട് കായലില്‍ തള്ളി. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് സംഭവം. കൊലയാളിയായ ചിരഞ്ജീവി എന്ന ഇരുപത്തിയെട്ടുകാരന്‍ പൊലീസ് പിടിയിലായി. തൃപ്തി എന്ന യുവതിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഇരുപത്തിയാറ് വയസ്സാണ് തൃപ്തിയുടെ പ്രായം.
സംഭവദിവസം കുഞ്ഞിനൊപ്പം തൃപ്തി വീട്ടിലായിരുന്നു. വിളിച്ചിട്ട് തൃപ്തി ഫോണ്‍ എടുക്കാതിരുന്നതോടെ ചിരഞ്ജീവി വീട്ടിലെത്തി. ഇരുവരും തമ്മില്‍ വഴക്കായി. തുടര്‍ന്ന് തൃപ്തിയെ ചിരഞ്ജീവി ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം വീടിനു സമീപത്തുള്ള കായലില്‍ തള്ളി. മണിക്കൂറുകള്‍ക്കു ശേഷമാണ് തൃപ്തിയുടെ മൃതദേഹം കണ്ടെത്തിയത്.
വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമാണ് കൊല്ലപ്പെട്ട തൃപ്തി എന്ന് പൊലീസ് വ്യക്തമാക്കി. ചിരഞ്ജീവിയെ സമൂഹമാധ്യമത്തിലൂടെയാണ് തൃപ്തി പരിചയപ്പെട്ടത്. ഇരുവരും തമ്മിലുള്ള സൗഹൃദം പിന്നീട് പ്രണയമായി. മൂന്നു മാസങ്ങള്‍ക്കു മുന്‍പ് ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് തൃപ്തി ചിരഞ്ജീവിക്കൊപ്പം നാടുവിട്ടു. പിന്നാലെ തൃപ്തിയെ കാണാനില്ലെന്നു പറഞ്ഞ് ഇവരുടെ ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഇവരെ കണ്ടുപിടിച്ച് തിരിച്ചെത്തിച്ചു. പൊലീസ് സ്റ്റേഷനില്‍ വച്ച് തനിക്ക് ഭര്‍ത്താവിനൊപ്പം പോയാല്‍ മതിയെന്ന് തൃപ്തി പറഞ്ഞതു പ്രകാരം ചിരഞ്ജീവിയെ പൊലീസ് താക്കീത് ചെയ്തു പറഞ്ഞയച്ചു.
ഇതിനു ശേഷവും ബന്ധം തുടരാന്‍ ചിരഞ്ജീവി തൃപ്തിയെ നിര്‍ബന്ധിച്ചു. രണ്ടു മാസത്തോളമായി ചിരഞ്ജീവിയുടെ ഫോണ്‍കോള്‍ പോലും തൃപ്തി എടുക്കാതെയായി. തനിക്കൊപ്പം നില്‍ക്കണമെന്ന ചിരഞ്ജീവിയുടെ ആവശ്യം തൃപ്തി നിഷേധിച്ചതോടെ ഇരുവര്‍ക്കുമിടയില്‍ തര്‍ക്കമുടലെടുക്കുകയും കൊലയില്‍ കലാശിക്കുകകയുമായിരുന്നു എന്നാണ് പൊലീസ് നല്‍കുന്ന വിവരം.