അട്ടപ്പാടിയില്‍ കൂടെത്താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. അഗളി ചാവടിയൂര്‍ ഊരിലെ ലക്ഷ്മി കൊല്ലപ്പെട്ട കേസില്‍ കല്‍ക്കണ്ടി സ്വദേശി സലിന്‍ ജോസഫിനെയാണ് മണ്ണാര്‍ക്കാട് കോടതി ശിക്ഷിച്ചത്.
2020 ഒക്ടോബര്‍ ഇരുപതിന് രാത്രിയിലായിരുന്നു കൊലപാതകം. മദ്യപിച്ചെത്തുന്നത് ശീലമാക്കിയ സലിന്‍ ജോസഫ് കൊലപാതകമുണ്ടായ ദിവസവും വാക്കുതര്‍ക്കത്തിന് പിന്നാലെ ലക്ഷ്മിയെ ക്രൂരമായി മര്‍ദിച്ചു. കല്ല് കൊണ്ടിടിച്ചും, കത്തി കൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ചും കൊലപ്പെടുത്തുകയായിരുന്നു. അഗളി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് അഗളി എഎസ്പിയായിരുന്ന പദം സിംഗാണ് കേസില്‍ കുറ്റപത്രം സമർപ്പിച്ചത്. വിവിധ വകുപ്പുകൾ പ്രകാരം ഇരട്ട ജീവപര്യന്തം തടവിനും ഒരു ലക്ഷം രൂപ പിഴ അടയ്ക്കാനുമാണ് മണ്ണാര്‍ക്കാട് കോടതി ശിക്ഷിച്ചത്. പിഴയൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരുവര്‍ഷം കൂടി അധികതടവ് അനുഭവിക്കണം. പ്രോസിക്യൂഷന് വേണ്ടി അഡ്വക്കേറ്റ് പി.ജയൻ ഹാജരായി.
സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും കൃത്യമായി പ്രോസിക്യൂഷന് കോടതിയില്‍ തെളിയിക്കാനായി. ശാസ്ത്രീയ പരിശോധന ഫലവും നിര്‍ണായകമായി. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി സലിന്‍ ജോസഫിനെ ജയിലിലേക്ക് മാറ്റി.