അധ്യാപകനെ പുറത്തുകിട്ടിയാല്‍ കൊന്നിടുമെന്ന പ്ലസ്‌വണ്‍ വിദ്യാര്‍ഥിയുടെ കൊലവിളി വിഡിയോ പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകളും കൊഴുക്കുകയാണ്. അധ്യാപകന്‍ മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിനെത്തുടര്‍ന്നാണ് വിദ്യാര്‍ഥി ഈ രീതിയില്‍ പ്രതികരിച്ചതെന്നാണ് സ്കൂളിന്‍റെ വാദം. എന്നാല്‍ 16 വയസ് മാത്രമുള്ള വിദ്യാര്‍ഥി നിലവിട്ട് സംസാരിക്കുന്ന, സ്കൂളിനകത്തെ ദൃശ്യങ്ങള്‍ അധ്യാപകര്‍ തന്നെ പുറത്തുവിട്ടതില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. കുട്ടി ചെയ്ത തെറ്റിന് വിഡിയോ എടുത്ത് പ്രചരിപ്പിക്കുന്നതാണോ ശിക്ഷ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന ചോദ്യം. സംഭവത്തിന്‍റെ മറുവശം ചൂണ്ടിക്കാട്ടുന്ന പോസ്റ്റുകള്‍ക്ക് പിന്തുണ ഏറുകയുമാണ്.
‘ആ വീഡിയോ കണ്ടപ്പോൾ വല്ലാത്ത ദുഃഖം തോന്നി. വിദ്യാര്‍ഥിയുടെ പെരുമാറ്റത്തെയും കൊലവിളിയെയും വിമര്‍ശിക്കുന്ന സമൂഹം ആ സംഭവത്തിനു പിന്നിലെ കാരണമെന്തെന്ന് അന്വേഷിക്കണം..’ – ഷിബു ഗോപാലകൃഷ്ണന്‍ എന്ന യൂസര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. സ്കൂളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതിനു ശിക്ഷ ഇതാണോ എന്ന ചോദ്യമാണ് ഇദ്ദേഹം ഉയര്‍ത്തുന്നത്. വിഡിയോയില്‍ കുട്ടി അധ്യാപകനെതിരെ പറയുന്ന ഹരാസ്മെന്‍റ് എന്താണെന്ന് അറിഞ്ഞിട്ടല്ലേ നമ്മള്‍ പ്രതികരിക്കേണ്ടതെന്നും ഷിബു ചോദിക്കുന്നു.
കുട്ടി തെറ്റുചെയ്താല്‍ അതിനെ കണ്ണടച്ച് വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നതിനു പകരം അവന് പറയാനുള്ളത് കേള്‍ക്കേണ്ടതല്ലേ... ഫോണിലെ ക്യാമറ കൊണ്ടാണോ അവരെ നന്നാക്കേണ്ടത്? എങ്ങനെയാണ് കുട്ടികളെ കൈകാര്യം ചെയ്യേണ്ടത് എന്നകാര്യത്തിൽ നമ്മളുടെ അധ്യാപകർ പ്രാപ്തരാണോ? അതിനുള്ള ശേഷി അവർ ആര്‍ജിക്കുന്നുണ്ടോ? വിഡിയോയിലുള്ള സംഭവത്തിന് മുന്‍പ് അവിടെ നടന്ന കാര്യങ്ങളെക്കുറിച്ചൊന്നും ഒരു വിവരവുമില്ലാത്ത നമ്മൾ ഒരു ചെക്കൻ അവൻ കടന്നുപോയ ഹരാസ്മെന്‍റിന്‍റെ പാരമ്യത്തിൽ പറയുന്ന അറ്റകൈ വർത്തമാനം മാത്രം വച്ചുകൊണ്ട് ഒരുതീർപ്പിൽ എത്തുന്നത് എങ്ങനെയാണെന്നും സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ ചോദിക്കുന്നു. ശുദ്ധ തോന്ന്യാസമാണ് അധ്യാപകര്‍ കാണിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ പ്രേംകുമാറും പറയുന്നു.
സമാനമായ ചിന്തയാണ് അഭിനേത്രിയും ലൈഫ് കോച്ചുമായി അശ്വതി ശ്രീകാന്തും പങ്കുവയ്ക്കുന്നത്. ‘അധ്യാപകനോട് ഭീഷണി മുഴക്കുന്ന കുട്ടിയെക്കുറിച്ചുള്ള വാര്‍ത്തയുടെ താഴെ അടികൊണ്ട് വളരാത്തതിന്‍റെ ദോഷമാണെന്ന് കമന്‍റുകള്‍ കണ്ടു. കൊന്നുകളയാനുള്ള ആഹ്വാനങ്ങള്‍ കണ്ടു. അടികൊള്ളാത്തതുകൊണ്ട് മാത്രമാണ് ഇന്നത്തെ കുട്ടികള്‍ വഴിതെറ്റുന്നതെന്നും സ്വഭാവദൂഷ്യം ഉണ്ടാകുന്നതെന്നും അനുസരണ ഇല്ലാത്തതെന്നും ഉറപ്പിച്ചുപറയുന്നത് എത്രപേരാണ് ! അടികിട്ടിയ നമ്മളൊക്കെ എത്ര നല്ലതാണല്ലേ... ഈ നാട്ടിലെ കുറ്റവാളികളൊക്കെ ശാസന കിട്ടാതെ ലാളിച്ച് വഷളാക്കപ്പെട്ടവരാണെന്ന് നിങ്ങള്‍ ശരിക്കും വിശ്വസിക്കുന്നുണ്ടോ? അവരില്‍ പലരും ഏറ്റവും മോശമായ ബാല്യത്തിലൂടെ കടന്നുപോയവരാണ്...’ – അശ്വതി ഓര്‍മിപ്പിക്കുന്നു.
പാലക്കാട് ആനക്കര ഗവ.സ്കൂളില്‍ നടന്ന സംഭവത്തിന്റെ വിഡിയോ ഇന്നലെയാണ് പുറത്തുവന്നത്. ഇതിനുപിന്നാലെ സ്കൂള്‍ വിദ്യാര്‍ഥിയെ സസ്പെന്‍ഡ് ചെയ്തിരുന്നു.