‘ഏതെങ്കിലും സംസ്ഥാനത്തെ ഗവര്‍ണറാക്കി തരാം, പണം മാത്രം തന്നാല്‍ മതി’ തമിഴ്നാട്ടുകാരനായ ഒരു യുവാവിനെത്തിയ മൊബൈല്‍ സന്ദേശമാണിത്. ചുളുവില്‍ ഒരു ഗവര്‍ണര്‍ പദവി കിട്ടിയാല്‍ പുളിക്കുമോ എന്ന് അത് കിട്ടിയ ആളും കരുതി. പക്ഷേ അതിന്‍റെ പിന്നാലെ പോയി പെട്ടു എന്ന് മാത്രമല്ല, കോടികള്‍ പോക്കറ്റില്‍ നിന്ന് പോകുകയും കൂടി ചെയ്തതോടെ പൊലീസിനെ സമീപിച്ചിരിക്കുകയാണ് ഒരു യുവാവ്.
നിരഞ്ജന്‍ കുല്‍കര്‍ണി എന്ന മഹാരാഷ്ട്രയിലെ നാസിക് സ്വദേശിയായ യുവാവ് നിലവില്‍ പൊലീസ് പിടിയിലാണ്. രാഷ്ട്രീയമായി വലിയ പിടിപാടുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ നരസിംഹ റെഡ്ഡി ദാമോദര്‍ റെഡ്ഡി അപൂരി എന്നയാളെ പരിചയപ്പെടുന്നത്. തന്‍റെ ബന്ധങ്ങളിലൂടെ ഒരു ഗവര്‍ണര്‍ പദവി റെഡ്ഡിക്ക് ഓഫര്‍ ചെയ്ത കുല്‍കര്‍ണി കൈപ്പറ്റിയത് അഞ്ചു കോടിയിലേറെ രൂപയാണ്.
ചെന്നൈ സ്വദേശിയായ റെഡ്ഡിയെ കാണാന്‍ ഈ വര്‍ഷം ആദ്യമാണ് കുല്‍കര്‍ണി ആദ്യമെത്തിയത്. ഒരു സ്വകാര്യ ഹോട്ടലില്‍ വച്ചായിരുന്നു കൂടികാഴ്ച. ആ കൂടികാഴ്ചയില്‍ വച്ച് കുല്‍കര്‍ണി റെഡ്ഡിയോട് പറഞ്ഞത് ഇങ്ങനെ; ‘നല്ല ചെലവുള്ള കാര്യമാണ്, പക്ഷേ എന്‍റെ രാഷ്ട്രീയ പിടിപാടുകൊണ്ട് കാര്യം നടത്തിത്തരാം. സര്‍വീസ് ചാര്‍ജ് മാത്രം തന്നാല്‍ മതി, 15 കോടി രൂപ.’
റെഡ്ഡിക്ക് ഗവര്‍ണറാകാന്‍ മോഹമുണ്ടെന്ന് ഉറപ്പായതോടെ കുല്‍കര്‍ണി അടുത്ത മാസം വീണ്ടും റെഡ്ഡിയെ കാണാനെത്തി. സംഗതി നടന്നില്ലെങ്കില്‍ തന്‍റെ പേരിലുള്ള സ്ഥലം റെഡ്ഡിയോട് എടുത്തുകൊള്ളാന്‍ പറഞ്ഞ് ഒരു മുദ്രപത്രവും റെഡ്ഡിയുടെ കയ്യില്‍ വച്ചുകൊടുത്തു. പെഞ്ച് ആന്‍റ് ബോര്‍ ടൈഗര്‍ റിസര്‍വിനോട് ചേര്‍ന്നുള്ള നൂറേക്കര്‍ സ്ഥലത്തിന്‍റെ രേഖയാണെന്ന് പറഞ്ഞായിരുന്നു കുല്‍കര്‍ണി ഇത് റെഡ്ഡിക്ക് കൊടുത്തത്.
ഇത്രയുമായ സ്ഥിതിക്ക് കുല്‍കര്‍ണിയെ വിശ്വസിക്കാമെന്നുറച്ച് റെഡ്ഡി 60 ലക്ഷം രൂപ പണമായും 4.48 കോടി രൂപ ബാങ്ക് ട്രാന്‍സ്ഫറായും നല്‍കി. പക്ഷേ പിന്നീടാണ് താന്‍ പറ്റിക്കപ്പെട്ടുവെന്നും കുല്‍കര്‍ണി നല്‍കിയ രേഖകള്‍ വ്യാജമാണെന്നും റെഡ്ഡിക്ക് ബോധ്യപ്പെട്ടത്. പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ കുല്‍കര്‍ണി റെഡ്ഡിയെ ഭീഷണിപ്പെടുത്തി. പിന്നാലെ ഇയാള്‍ പൊലീസില്‍ പരാതിയുമായി എത്തുകയായിരുന്നു. കുല്‍കര്‍ണി നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്. പത്ത് ദിവസത്തേക്ക് ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.