തിരുവനന്തപുരം മംഗലപുരത്ത് മാനസിക വെല്ലുവിളി നേരിടുന്ന വയോധികയെ കൊലപ്പെടുത്തിയത് ബലാല്‍സംഗത്തിന് ശേഷമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൊയ്ത്തൂര്‍ക്കോണം സ്വദേശിയായ വയോധികയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് പ്രതി ക്രൂരമായി പീഡിപ്പിച്ചു. കേസില്‍ പോത്തന്‍കോട് സ്വദേശി തൗഫിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക ശേഷം മോഷ്ടിച്ച, കമ്മല്‍ വിറ്റ പണവുമായി മടങ്ങുന്നതിനിടെയാണ് പ്രതി പിടിയിലായത്.
മോഷണശ്രമത്തിനിടെ നടന്ന കൊലപാതകം എന്നായിരുന്നു നാട്ടുകാരടക്കം ആദ്യം കരുതിയിരുന്നത്. എന്നാല്‍ ലൈംഗികാതിക്രമം നടന്നിട്ടുണ്ടോ എന്നും പൊലീസ് സംശയിച്ചിരുന്നു. ആ സംശയം ഉറപ്പിക്കുന്നതായിരുന്നു പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. മാനസിക വെല്ലുവിളി നേരിടുന്ന വയോധിക പട്ടാപ്പകലാണ് ബലാല്‍സംഘത്തിന് ഇരയായി വീട്ടുമുറ്റത്ത് കൊല്ലപ്പെട്ടത്. തലയ്ക്ക് ഏറ്റ ക്ഷതമാണ് മരണകാരണം. കൊലപാതക ശേഷം ഇവരുടെ കമ്മലും പ്രതി കൈക്കലാക്കിയിരുന്നു. കൊയ്ത്തൂര്‌ക്കോണത്ത് ഒറ്റക്ക് താമസിക്കുന്ന 67കാരിയെ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് വീട്ടില്‍ നിന്ന് ഇരുപത് മീറ്റര്‍ അകലെ ബന്ധുവിന്റെ പറമ്പില്‍ മരിച്ചനിലയില്‍ കണ്ടത്. ഉടുമുണ്ടുകൊണ്ട് ശരീരം മൂടിയ നിലയിലായിരുന്നു മൃതദേഹം.
പോത്തന്‍കോട് സ്വദേശി തൗഫീഖിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ പോക്സോ കേസില്‍ വിചാരണ നേരിടുന്നയാളാണ് പ്രതി. തിങ്കളാഴ്ച വൈകിട്ട് തിരുവനന്തപുരത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച തൗഫീഖ്, ആ ബൈക്കിലാണ് വയോധികയുടെ വീടിന്റെ പരിസരത്തെത്തിയത്. കൊലയ്ക്ക് ശേഷം ബസില്‍ കയറി തിരുവനന്തപുരത്ത് വന്ന് വയോധികയുടെ മോഷ്ടിച്ച കമ്മല്‍ വിറ്റു. തിരികെ പോത്തന്‍കോട് വന്നപ്പോളാണ് ആറ്റിങ്ങല്‍ ഡിവൈ.എസ്.പി മഞ്ചുലാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുന്നത്.