കൊല്ലം കൊട്ടാരക്കര പുത്തൂരിൽ ബസില്‍ വിദ്യാർഥികളുമായി സംഘർഷമുണ്ടാക്കിയ രണ്ടു യുവാക്കളെ പൊലീസ് പിടികൂടി. സ്വകാര്യബസിൽ നായക്കുട്ടിയുമായി യുവാക്കള്‍ കയറിയതാണ് സംഘർഷത്തിൽ കലാശിച്ചത്.
പുത്തൂരില്‍ നിന്ന് കല്ലട വഴി കുണ്ടറയ്ക്ക് പോകുന്ന ബസിലാണിത് നടന്നത്. ഇടവട്ടം സ്വദേശികളായ അമൽ, വിഷ്ണു എന്നിവരാണ് വിദ്യാര്‍ഥികളുമായി ഏറ്റുമുട്ടിയത്. നായക്കുട്ടിയുമായി അമലും വിഷ്ണുവും സ്വകാര്യബസിൽ കയറി. സ്കൂള്‍ വിട്ടസമയമായതിനാല്‍ തിരക്ക് കാരണം നായക്കുട്ടിയുമായി ബസിൽ കയറരുതെന്ന് ബസ് ജീവനക്കാർ യുവാക്കളോട് പറഞ്ഞു. ഇതൊന്നും കേള്‍ക്കാതെ യുവാക്കള്‍ ബസില്‍ കയറിയതോടെ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി. തിരക്കിനിടെ വിദ്യാര്‍ഥികളുമായി തര്‍ക്കം. തുടര്‍ന്നാണ് ബസിനുളളില്‍ സംഘര്‍ഷമുണ്ടായത്.
ബസിന് പുറത്തിറങ്ങിയ വിദ്യാർഥികളെ യുവാക്കൾ ഭീഷണിപ്പെടുത്തിയതോടെ വീണ്ടും അടിപൊട്ടി പുത്തൂർ പൊലീസ് എത്തിയാണ് അമലിനെയും വിഷ്ണുവിനെയും പിടികൂടിയത്.