cpm-district-conference-kollam
  • മൈക്ക് ഓപ്പറേറ്റിങ് തൊഴിലാളിയുടെ മെക്കിട്ടു കയറിയത് ശരിയോ?
  • ഇപിയുടെ വെളിപ്പെടുത്തൽ മുന്നണിക്ക് തിരിച്ചടിയായി
  • മുകേഷിനെ എന്തിന്, ആരുടെ നിർദ്ദേശപ്രകാരം സ്ഥാനാർഥിയാക്കി?

കൊല്ലം കൊട്ടിയത്ത് നടക്കുന്ന സിപിഎം ജില്ലാ സമ്മേളനത്തിൽ സര്‍ക്കാരിനും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ക്കും രൂക്ഷവിമര്‍ശനം. ജാഥ നടത്തിയപ്പോൾ പാവപ്പെട്ട  മൈക്ക് ഓപ്പറേറ്റിങ് തൊഴിലാളിയുടെ  മെക്കിട്ടു കയറിയത് ശരിയോയെന്ന് വിമര്‍ശനം. തിരഞ്ഞെടുപ്പുവേളയിൽ എ.കെ.ബാലന്‍റെ 'മരപ്പട്ടി' പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നു. എംഎല്‍എ ആയ എം.വി.ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയും വി.ജോയിക്ക് ജില്ലാ സെക്രട്ടറിയുമാകാമെങ്കില്‍ എന്തുകൊണ്ട് പഞ്ചായത്തംഗമായ പ്രവര്‍ത്തകന് ലോക്കല്‍ സെക്രട്ടറി ആകാന്‍ പാടില്ലെന്നും പ്രതിനിധികള്‍ ചോദിച്ചു. കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജന്‍റേത് കമ്മ്യൂണിസ്റ്റിന് നിരക്കുന്ന രീതിയല്ലെന്നും കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ദിനത്തിലെ ഇപിയുടെ വെളിപ്പെടുത്തൽ മുന്നണിക്ക് തിരിച്ചടിയായെന്നും വിമര്‍ശനമുണ്ടായി. 

 

എം മുകേഷ് എംഎൽഎയുടെ സ്ഥാനാര്‍ഥിത്വത്തെയും വിമര്‍ശിച്ച സമ്മേളനത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുകേഷിനെ എന്തിന്, ആരുടെ നിർദ്ദേശപ്രകാരം സ്ഥാനാർഥിയാക്കി എന്നായിരുന്നു ചടയമംഗലത്ത് നിന്നുള്ള പ്രതിനിധികളുടെ ചോദ്യം. ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന്റെ കൈവശം ഇരിക്കുമ്പോഴാണ് സ്ഥാനാർഥിയാക്കിയത്. ജനപ്രതിനിധികള്‍ക്ക് ഇരട്ട നീതിയാണോയെന്നും പ്രതിനിധികള്‍ സമ്മേളനത്തില്‍ ചോദിച്ചു. സീതാറാം യച്ചൂരി അന്തരിച്ച ശേഷം പകരം ജനറൽ സെക്രട്ടറിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ശ്രീലങ്കയിൽ കമ്യൂണിസ്‌റ്റുകാർ അധികാരം പിടിച്ചെന്ന് എം.എ ബേബി  പറയുമ്പോൾ ഇന്ത്യയിലെ കമ്യൂണിസ്‌റ്റ് പാർട്ടിക്ക് എന്തുകൊണ്ട് കഴിയുന്നില്ലെന്നും ചോദ്യം. ഗുണഭോക്താക്കളെ എഎവൈ പദ്ധതിയിലേക്ക് മാറ്റുന്നത് പരോക്ഷമായി ബിജെപിയെ സഹായിക്കലാണെന്നും പ്രതിനിധികള്‍. സംസ്‌ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയെക്കുറിച്ചും വിമർശനം ഉയര്‍ന്നു. ജില്ലാ സെക്രട്ടറി എസ് സുദേവൻ അവതരിപ്പിച്ച രാഷ്ട്രീയ സംഘടന റിപ്പോർട്ടിന്മേലുള്ള പൊതുചർച്ചയിൽ പങ്കെടുത്ത ഏഴു കമ്മിറ്റികളിൽ എന്നുള്ള പ്രതിനിധികളാണ് വിമർശനം ഉന്നയിച്ചത്. പതിനേഴ് ഏരിയ കമ്മിറ്റികളിൽ നിന്നുള്ള 450 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ പൊതു ചർച്ച തുടരും.

അതേസമയം, അട്ടപ്പാടിയിലെ ആദിവാസി സമൂഹത്തിനിടയില്‍ പാര്‍ട്ടിക്ക് സ്വാധീനം കുറയുന്നതായി സിപിഎം അട്ടപ്പാടി ഏരിയ സമ്മേളനത്തിലും വിമര്‍ശനമുയര്‍ന്നു. സാമൂഹ്യ അടുക്കള ഉള്‍പ്പെടെയുള്ള ജനകീയ പദ്ധതികള്‍ നിര്‍ത്തലാക്കിയതും ആശുപത്രി സൗകര്യങ്ങള്‍ ഉയര്‍ത്താന്‍ കഴിയാത്തതും ദോഷം ചെയ്തു. ആദിവാസികളുടെ ഭൂമി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതില്‍ റവന്യൂ വകുപ്പിന് വീഴ്ചയെന്നും സമ്മേളന പ്രതിനിധികള്‍ പറഞ്ഞു. സമ്മേളനം തുടങ്ങുന്നതിന്റെ തലേന്ന് പ്രാദേശിക നേതാക്കളെ വിമര്‍ശിച്ച് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ക്ക് പിന്നില്‍ പ്രതിപക്ഷമാണെന്ന നിലപാട് നേതാക്കള്‍ സമ്മേളനത്തില്‍ ആവര്‍ത്തിച്ചു. രണ്ട് ദിവസത്തെ സമ്മേളനം ഇന്ന് വൈകിട്ട് സമാപിക്കും. 

ENGLISH SUMMARY:

The CPM district conference held in Kottiyam, Kollam, witnessed intense criticism directed at the government and party leaders.