ക്രിസ്മസ്, പുതുവത്സരാഘോഷങ്ങള്‍ ലക്ഷ്യമിട്ട് കൊച്ചിയിലേക്ക് ലഹരിമരുന്ന് കടത്ത് വ്യാപകം. ബംഗാളില്‍ നിന്ന് ട്രെയിനില്‍ കൊച്ചിയിലെത്തിച്ച 35 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശികളായ നാലംഗ സംഘത്തിന്‍റെ നേതൃത്വത്തിലായിരുന്നു ലഹരിക്കടത്ത്.
മൂന്ന് ട്രോളിബാഗുകളിലായിരുന്നു ബംഗാളില്‍ നിന്നുള്ള കഞ്ചാവ് കടത്ത്. ഓരോ ബാഗിലും ഒരു കിലോ വീതമുള്ള പന്ത്രണ്ട് വീതം പായ്ക്കറ്റുകള്‍. കഞ്ചാവിന്‍റെ മണംപോലും പുറത്തുപോകാതെ പ്ലാസ്റ്റിക്കിലും പിന്നീട് പേപ്പറിലും വെടിപ്പായി പൊതിഞ്ഞായിരുന്നു കടത്ത്. എങ്ങനെയൊക്കെ ഒളിപ്പിച്ച് രഹസ്യമാക്കി കടത്തിയിട്ടും ലഹരിമാഫിയ സംഘത്തെ എക്സൈസ് പൊക്കി. കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായ ചിലരില്‍ നിന്നാണ് ബംഗാളിലെ ഹരിക്കടത്ത് സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. ഓര്‍ഡറുകള്‍ സ്വീകരിച്ച് കഞ്ചാവ് ഇടപാടുകാര്‍ക്ക് നല്‍കാന്‍ എത്തിയ നാലുപേരെയും എറണാകുളം നോര്‍ത്ത് റെയില്‍വെ സ്്റ്റേഷനില്‍ കാത്തുനിന്ന എക്സൈസ് സംഘം കയ്യോടെ പിടികൂടി. സാമിന്‍ ഷേക്ക്, മിഥുന്‍, സജീബ് മണ്ഡല്‍, ഹബീബൂര്‍ റഹ്മാന്‍ എന്നിവരാണ് അറസ്റ്റിലായത്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച കഞ്ചാവ് കൊച്ചിയില്‍ പലയിടങ്ങളിലായി ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതരസംസ്ഥാന തൊഴിലാളികള്‍ വഴി മലയാളികളാണ് ലഹരികടത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഇതരസംസ്ഥാനകാര്‍ക്ക് കമ്മിഷന്‍ വാഗ്ദാനം ചെയ്താണ് ലഹരിക്കടത്ത്. രാപ്പകല്‍ വ്യത്യാസമില്ലാതെ പരിശോധനകള്‍ കര്‍ശനമാക്കുകയാണ് എക്സൈസ്.