പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തില്‍ പ്രതിയായ ബന്ധുവിനെ കൊലപ്പെടുത്തി പിതാവ്. കുവൈത്തില്‍ ജോലി ചെയ്യുകയായിരുന്ന പിതാവ് ഇതിനായി നാട്ടിലെത്തി സംഭവ ശേഷം മടങ്ങുകയായിരുന്നു. കുവൈത്തിലെത്തിയ ശേഷം കൊലപാതകത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇദ്ദേഹം വിഡിയോ പുറത്തിറക്കിയതോടെയാണ് പൊലീസിന് പ്രതിയെ പറ്റി ധാരണ ലഭിക്കുന്നത്. ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലെ ഒബുലവാരിപ്പള്ളിയിലാണ് സംഭവം.
മകളെ ഭാര്യയുടെ ഇളയ സഹോദരിക്കൊപ്പമാക്കിയാണ് ദമ്പതിമാര്‍ കുവൈറ്റില്‍ ജോലിക്ക് പോയത്. സഹോദരിയുടെ ഭര്‍തൃപിതാവാണ് കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയത്. കുട്ടി ഇക്കാര്യം കുവൈത്തിലുള്ള അമ്മയെ വിളിച്ചറിയിക്കുകയായിരുന്നു. ഉടനെ കുട്ടിയുടെ അമ്മ നാട്ടിലെത്തി സംഭവം തിരക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. എന്നാല്‍ പൊലീസ് പ്രതിയെ താക്കീത് ചെയ്ത് വിട്ടയച്ചു.
ഇതോടെ ഡിസംബര്‍ ആദ്യ വാരം നാട്ടിലെത്തിയ കുട്ടിയുടെ പിതാവ് ഡിസംബര്‍ ഏഴിന് പുലര്‍ച്ചെ പ്രതിയുടെ വീട്ടിലെത്തി, വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്ന പ്രതിയെ വടികൊണ്ട് അടിച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടയാള്‍ക്ക് 59 വയസുണ്ട്. ഉടനെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ സംശയാസ്പദമായ മരണമായാണ് രേഖപ്പെടുത്തി അന്വേഷണം അവസാനിപ്പിച്ചു. കൊലപാത ശേഷം കുവൈത്തിലേക്ക് തിരിച്ചു പോയയാള്‍ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വിഡിയോ സന്ദേശം പുറത്തുവിടുകയായിരുന്നു.
പൊലീസ് തന്‍റെ മകളുടെ പരാതിയില്‍ നടപടിയെടുത്തില്ലെന്നും മകള്‍ക്ക് നീതി വേണമെന്നും താന്‍ കീഴടങ്ങുമെന്നും വിഡിയോയില്‍ ഇയാള്‍ പറയുന്നുണ്ട്. ഇയാള്‍ക്കെിരെ പൊലീസ് കൊലപാതക കേസെടുത്തു.