കുവൈത്തിലെ ബാങ്ക് വായ്പ തട്ടിപ്പ് ഏജന്‍റുമാര്‍ ഒരുക്കിയ കെണിയെന്ന് പ്രതികളായ മലയാളികള്‍. തിരിച്ചടവ് കാലാവധി തീരും മുന്‍പ് തന്നെ നിയമനടപടികള്‍ ആരംഭിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം. എഫ്ഐആര്‍ പ്രകാരമുള്ള ഭീമമായ തുക വായ്പയെടുത്തിട്ടില്ലെന്നും പ്രതിപട്ടികയിലുള്ളവര്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു.
കുവൈത്തിലെ ഗള്‍ഫ് ബാങ്ക് കുവൈത്ത് ഷെയര്‍ ഹോള്‍ഡിങ് കമ്പനിയാണ് മലയാളികള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. 700 കോടിയിലേറെ രൂപ വായ്പയെടുത്തശേഷം മലയാളികള്‍ മുങ്ങിയെന്നാണ് ആരോപണം. ബാങ്കിന്‍റെ ഡെപ്യൂട്ടി ജനറല്‍ മാനേജറുടെ പരാതിയില്‍ സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളില്‍ കേസെടുത്തു. അറുപത് ലക്ഷം മുതല്‍ ഒന്നരകോടി രൂപ വരെ വായ്പയെടുത്ത് മുങ്ങിയെന്നാണ് എഫ്ഐആര്‍.
വായ്പ തട്ടിപ്പില്‍ കുരുക്കിയത് മലയാളികളടക്കമുള്ള ഏജന്‍റുമാരെന്നാണ് കേസില്‍ പ്രതികളായവരുടെ ആരോപണം. പിന്നാലെ നടന്ന് ക്യാന്‍വാസ് ചെയ്ത് നിര്‍ബന്ധിച്ച് വായ്പയെടുപ്പിച്ചുവെന്നും വാദം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് കുവൈത്ത് വിട്ടതെന്നും വായ്പകളുടെ വലിയ പങ്ക് തിരിച്ചടച്ചുവെന്നും മലയാളികള്‍. ബാങ്കിന്‍റെ നീക്കത്തെ നിയമപരമായി തന്നെ നേരിടാനൊരുങ്ങുകയാണ് പ്രതിസ്ഥാനത്തുള്ള മലയാളികള്‍.