റാന്നി മന്ദമരുതിയിൽ ഇന്നലെ രാത്രി യുവാവിനെ കാറിടിപ്പിച്ചു കൊന്ന കേസിൽ 3 പേർ പിടിയിൽ. പ്രതികളായ  അരവിന്ദ്, ശ്രീക്കുട്ടൻ, അജോയ് എന്നിവരെ എറണാകുളത്തു നിന്നാണു പിടി കൂടിയത്. റാന്നി സ്വദേശി അമ്പാടി സുരേഷ് ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതികൾ കാർ ഉപേക്ഷിച്ച് ഒളിവിൽ പോവുകയായിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെ പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ മന്ദമരുതിയിലായിരുന്നു കൊലപാതകം. രണ്ടു സഹോദരന്മാർക്കും സുഹൃത്തിനും ഒപ്പം കാറിൽ സഞ്ചരിച്ചിരുന്ന അമ്പാടി സുരേഷ് ആണ് കൊല്ലപ്പെട്ടത്. റാന്നി സ്വദേശികളായ അരവിന്ദ്, ശ്രീക്കുട്ടൻ , അജോയ് എന്നിവരാണ് പ്രതികൾ. ഇവർ മറ്റ് ഒട്ടേറെ കേസുകളിലെ പ്രതികളാണ്.  ആദ്യം അപകടം എന്നാണ് കരുതിയത്. റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർക്കാണ് പരുക്കിൻ്റെ സ്വഭാവം കണ്ടപ്പോൾ സാധാരണ അപകടമല്ലെന്ന് മനസ്സിലായതും പോലീസിനെ അറിയിച്ചതും. അപകടമെന്നാണ് ബന്ധുക്കൾക്ക് ആദ്യം അറിയിപ്പ് കിട്ടിയത്. 

പൊലീസിന്‍റെ പരിശോധനയിലാണ് കാര്യങ്ങൾ വ്യക്തമായത്. ബവ്റിജസ് വില്പനശാലയുടെ പരിസരത്ത് വെച്ച് രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതി തുടർച്ചയായിരുന്നു കൊലപാതകം. മന്ദമരുതിയിൽ വെച്ച് ഫോൺ ചെയ്യാനായി കാറിൽ നിന്നിറങ്ങിയ അമ്പാടിയെ എതിർസംഘം ഇടിച്ചു വീഴ്ത്തുകയായിരുന്നു. കാർ ഒന്നിലേറെ തവണ ശരീരത്തിൽ കൂടി കയറ്റി ഇറക്കി. നട്ടെല്ല് തകർന്നു. കാലുകൾ ഒടിഞ്ഞു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. ശരീരമാസകലം ഉരഞ്ഞ് പാടുകൾ ഉണ്ട്. അപകടമല്ല കൊലപാതകമെന്ന് തിരിച്ചറിഞ്ഞ സമയം കൊണ്ട് പ്രതികൾ കാർ ഉപേക്ഷിച്ച് കടന്നു. 

കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. അതിവേഗത്തിലെത്തിയാണ് കാ ര്‍അമ്പാടിയെ ഇടിച്ചു വീഴ്ത്തിയത് എന്ന് പരിശോധനയിൽ വ്യക്തമായി. കാറിൻ്റ ബോണറ്റും ചില്ലും തകർന്ന നിലയിലാണ്. ഇടിയുടെ ആഘാതത്തിൽ ബോണറ്റിലേക്ക് തെറിച്ചുവീണു തല ചില്ലിലിടിച്ച ശേഷം തിരികെ റോഡിലേക്ക് വീണു എന്നാണ് നിഗമനം. കാറിൽ അമ്പാടിക്ക് ഒപ്പം ഉണ്ടായിരുന്ന രണ്ട് സഹോദരന്മാരിൽ നിന്നും സുഹൃത്തിൽ നിന്നും പൊലീസ് മൊഴിയെടുത്തു. കൊലപാതക സ്ഥലത്ത് കാറിന്‍റെ ഭാഗങ്ങൾ അടക്കം ചിതറിക്കിടപ്പുണ്ട്. അമ്പാടിക്ക് 10 മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. ഭാര്യ ഗർഭിണിയാണ്.

ENGLISH SUMMARY:

Ranni murder case all three accused arrested from ernakulam