പത്തനംതിട്ട റാന്നിയിൽ യുവാവിനെ കാർ ഇടിച്ചു കൊന്ന കേസിലെ പ്രതികളെ കൊലപാതക സ്ഥലത്ത് എത്തിച്ചു തെളിവെടുത്തു. പ്രതികളെ ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കും. അതേസമയം കൊല്ലപ്പെട്ട അമ്പാടി സുരേഷിന്റെ സഹോദരന്മാരുടെ നിലപാടിൽ ദുരൂഹത തുടരുകയാണ്
പ്രതികളായ അരവിന്ദ് അജോ ശ്രീക്കുട്ടൻ എന്നിവരെയാണ് കൊലപാതകം നടന്ന റാന്നി മന്ദമരുതിയിൽ എത്തിച്ചത് . അമ്പാടി സുരേഷ് റോഡിൽ നിന്ന സ്ഥലവും കാർ വന്ന വഴിയും പ്രതികൾ പൊലീസിനെ കാണിച്ചു കൊടുത്തു. റാന്നി സിഐ ജിബു ജോണിന്റെ നേതൃത്വത്തിൽ ആയിരുന്നു തെളിവെടുപ്പ്
ഞായറാഴ്ച രാത്രി 8:00 മണിക്കാണ് മദ്യശാലയിലെ സംഘർഷത്തിന് പിന്നാലെ ഇരു സംഘങ്ങൾ ഏറ്റുമുട്ടിയതും യുവാവിനെ കാർ ഇടിച്ചു കൊന്നതും. നാലു പേരാണ് കേസിലെ പ്രതികളെങ്കിലും മൂന്നുപേരെയേ തെളിവെടുപ്പിന് എത്തിച്ചുള്ളൂ. കൊല്ലപ്പെടുന്ന സമയം അമ്പാടി സുരേഷ് നൊപ്പം രണ്ടു സഹോദരന്മാരും സുഹൃത്തും ഉണ്ടായിരുന്നു. കാറിടിച്ചുള്ള കൊലപാതകം കണ്ടിട്ടും പോലീസിനോട് പറഞ്ഞത് അപകടമെന്ന് ആയിരുന്നു. നേരിട്ട് തിരിച്ചടിക്കാനുള്ള ശ്രമമായിരുന്നോ എന്ന് ആണ് സംശയം. സഹോദരന്മാരും സുഹൃത്തും പോലീസുമായി കാര്യമായി സഹകരിക്കുന്നില്ല. ഇവരുടെ ഇടപാടുകളെ കുറിച്ചും പോലീസ് വിശദമായി പരിശോധിക്കും