പത്തനംതിട്ട കോയിപ്രത്ത് ഭാര്യയെ തീ വെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ 14 വർഷത്തിനുശേഷം പൊലീസ് പിടികൂടി. കോയിപ്രം കടമാങ്കുഴി കോളനിയിൽ സിന്ധു കൊല്ലപ്പെട്ട കേസിൽ ഭർത്താവ് രാജീവാണ് പിടിയിലായത്. കണ്ണൂരിൽ നിന്ന് കൊട്ടാരക്കരയിലേക്കുള്ള യാത്രാമധ്യേ തിരുവല്ലയിൽ കെഎസ്ആർടിസി ബസില്‍ നിന്ന് പ്രതിയെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
2010 നവംബർ ഒന്നിനായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. മദ്യപിച്ചെത്തിയ രാജീവ് കുടുംബകലഹത്തെ തുടർന്ന് സിന്ധുവിനെ മണ്ണെണ്ണ ഒഴിച്ച് തീ വെക്കുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ സിന്ധു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചാണ് മരണമടഞ്ഞത്. പ്രതിയെ ഉടൻ പിടികൂടിയെങ്കിലും ഇയാൾ ജാമ്യത്തിലിറങ്ങി മുങ്ങി. രാജേഷ് എന്ന് പേരു മാറ്റി ബാംഗ്ലൂരിലും കണ്ണൂരിലുമായി ഹോട്ടൽ ജോലി ചെയ്ത് ഒളിച്ചു കഴിയുകയായിരുന്നു.
ഇയാൾ ബാംഗ്ലൂരിലുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് മുൻപ് പൊലീസ് അന്വേഷിച്ച് ചെന്നിരുന്നെങ്കിലും പൊലീസെത്തിയപ്പോൾ അവിടെ നിന്നും രക്ഷപ്പെട്ടു. ഇതിനിടെ കൊട്ടാരക്കരയിലെ ഒരു സ്ത്രീയുമായി ബന്ധം തുടങ്ങി രാജേഷ് കൊട്ടാരക്കര എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ സജീവമായി. രാവിലെ ആറരയോടെ കെഎസ്ആർടിസി ബസില്‍ കണ്ണൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോകുമ്പോഴാണ് തിരുവല്ലയിൽ വച്ച് ഇയാൾ കോയിപ്രം പൊലീസിന്റെ പിടിയിലാകുന്നത്.