സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയ പതിനേഴുകാരൻ അറസ്റ്റിൽ. ഇടുക്കി മൂന്നാറിലാണ് സംഭവം. പെണ്‍കുട്ടി പൊലീസില്‍ പരാതിപ്പെട്ടതോടെ പ്രതിയെ പിടിക്കാനെത്തിയ പൊലീസിനു നേരെയും അക്രമമുണ്ടായി. പ്രതിയെ പിടികൂടാൻ ശ്രമിച്ച എസ്.ഐ.യുടെ വിരൽ കടിച്ചുമുറിച്ചു.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഇരുവരും ഇഷ്ടത്തിലായി. എന്നാല്‍ പെണ്‍കുട്ടി ബന്ധത്തിൽനിന്ന് പിന്മാറാൻ ശ്രമിച്ചതോടെ പ്രതി ഭീഷണി തുടങ്ങി. ഓണ്‍ലൈനില്‍ പകര്‍ത്തിയ നഗ്നദൃശ്യങ്ങള്‍ കാട്ടിയായിരുന്നു ഭീഷണി. ഇത് പുറത്തുവിടുമെന്ന് പെണ്‍കുട്ടിയോട് പ്രതി പറഞ്ഞു. പെണ്‍കുട്ടി സംഭവം മാതാപിതാക്കളോട് പറഞ്ഞതോടെ ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
തമിഴ്നാട്ടില്‍ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മൂന്നാർ എസ്.ഐ. അജേഷ് കെ.ജോൺ, എസ്.സി.പി.ഒമാരായ ഡോണി, അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇയാളും സുഹൃത്തുക്കളും ചേർന്ന് പൊലീസിനെ
ആക്രമിച്ചു. എസ്.ഐ.യുടെ വിരൽ പ്രതി കടിച്ചുമുറിച്ചു. എന്നാൽ അതിസാഹസികമായി പൊലീസ് പ്രതിയെ കീഴ്‌പ്പെടുത്തി മൂന്നാറിലെത്തിച്ച് തൊടുപുഴ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പിൽ ഹാജരാക്കി.