പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമർദ്ദനമേറ്റ് ശരീരം തളർന്ന ഇടുക്കി കുമളി സ്വദേശി ഷഫീഖിന്‍റെ കേസില്‍ നിര്‍ണായക കോടതി വിധി. കേസിലെ ഒന്നും രണ്ടും പ്രതികളായ ഷഫീഖിന്‍റെ പിതാവ് ഷെരീഫും രണ്ടാനമ്മ അലീഷയും കുറ്റക്കാരെന്ന് തൊടുപുഴ സെഷൻസ് കോടതി. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വരുന്നത്. 

കൊടിയ മർദ്ദനമേറ്റ പാടുകളും പട്ടിണി കിടന്ന് എല്ലും തോലുമായ ശരീരവുമായി അഞ്ചുവയസ്സുകാരൻ ഷഫീഖിനെ 2013 ജൂലൈ 15 നാണ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഓടിക്കളിച്ചപ്പോൾ വീണ് പരിക്കെറ്റന്നാണ് പിതാവ് ഷെരീഫ് ഡോക്ടറോട് പറഞ്ഞത്. ഷെഫീക്കിന് മർദ്ദനമേറ്റെന്ന് ഒറ്റനോട്ടത്തിൽ ഡോക്ടർക്ക് മനസിലായതോടെ മലയാളി മനസ്സാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം പുറം ലോകമറിഞ്ഞു. തലച്ചോറിന്റെ പ്രവർത്തനം 75 ശതമാനം നിലച്ചതും തുടർച്ചയായി ഉണ്ടായ അപസ്മാരവും മൂലം ഷെഫീക്കിനെ തിരിച്ച് കിട്ടില്ലെന്നു തോന്നിച്ച നിമിഷങ്ങൾ. വർഷങ്ങൾ നീണ്ട ചികിത്സയ്ക്കുശേഷം ജീവൻ തിരിച്ചു പിടിച്ചെങ്കിലും തലച്ചോറിനേറ്റ പരുക്ക് കുട്ടിയുടെ മാനസിക വളർച്ചയെ ബാധിച്ചു. 

കുമളി പൊലീസ് 2013 ൽ റജിസ്റ്റർ ചെയ്ത കേസിൽ 2022 ലാണ് വാദം തുടങ്ങിയത്. ചികിത്സാ പിഴവാണ് കുട്ടിയുടെ അവസ്ഥയ്ക്ക് കാരണമെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും സാഹചര്യ തെളിവുകളും മെഡിക്കൽ റിപ്പോർട്ടും നിർണായകമായി. വധശ്രമം, ക്രൂരമർദ്ദനം, പൊള്ളലേൽപ്പിക്കൽ തുടങ്ങി പത്തുവർഷം വരെ ശിക്ഷ ലഭിക്കുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഷെഫീക്കിനെയും സർക്കാർ നിയമിച്ച ആയ രാഗിണിയെയും 2014 ൽ തൊടുപുഴയിലെ സ്വകാര്യ മെഡിക്കൽ കോളജ് ഏറ്റെടുക്കുകയായിരുന്നു. 

ENGLISH SUMMARY:

The Thodupuzha Sessions Court found the Shefiq's father Sherif and stepmother Alisha, guilty in attempt to murder case.The verdict in the case comes after 11 years.