കോഴിക്കോട് യുവതിയെ അര്‍ധസഹോദരങ്ങള്‍ പീഡിപ്പിച്ചതായി പരാതി. 16 വയസുമുതല്‍ തുടങ്ങിയ പീഡനം അടുത്ത കാലം വരെ തുടര്‍ന്നെന്ന് അതിജീവിത മനോരമ ന്യൂസിനോട് പറഞ്ഞു. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. തുടര്‍ച്ചയായ പീഡനത്തെ തുടര്‍ന്ന് വിഷാദ രോഗം ബാധിച്ച മുപ്പത്തിരണ്ടുകാരിയെ രോഗാവസ്ഥയിലും ലൈംഗികമായി ഉപദ്രവിച്ചു.
അര്‍ധസഹോദരങ്ങള്‍ തന്നെ ജീവിതം തകര്‍ത്ത കഥയാണ് കോഴിക്കോട് സ്വദേശിയായ യുവതിക്ക് തുറന്നുപറയാനുണ്ടായിരുന്നത്. അര്‍ധസഹോദരങ്ങള്‍ പതിനാറാം വയസുമുതല്‍ പീഡിപ്പിച്ച് ജീവിതം തകര്‍ത്തെന്ന് അതിജീവിത മനോരമന്യൂസിനോട് പറഞ്ഞു. അന്നൊരു ദിവസം സന്ധ്യാനേരത്ത് അര്‍ധസഹോദരന്‍ വീട്ടില്‍വന്ന് നിനക്ക് പാട്ടിഷ്ടമല്ലേയെന്ന് ചോദിച്ചു, അതേയെന്ന് മറുപടി പറഞ്ഞപ്പോള്‍ പാട്ടിന്റെ ഡിസ്ക് കാറിലുണ്ടെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി. ഒരു ആളൊഴിഞ്ഞ പറമ്പിലെ പണി തീരാത്ത വീട്ടിലേക്കായിരുന്നു പെണ്‍കുട്ടിയെ കൊണ്ടുപോയത്.
അന്നാരംഭിച്ച കൊടിയ പീഡനം പിന്നെ തുടര്‍ന്നു, പുറത്തു പറഞ്ഞാല്‍ മാതാപിതാക്കളേയും സഹോദരങ്ങളേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പീഡനം തുടര്‍ന്നതോടെ പീന്നീടുള്ള ദിവസങ്ങള്‍ വിഷാദരോഗത്തിനടിമയായി. പിന്നാലെ ചികിത്സയും മരുന്നുകളും. താന്‍ വളരെ സൈലന്റ് ആയിരുന്നൊരാളായതു കൊണ്ടാണ് ഈ ചതി ചെയ്തതെന്ന് യുവതി പറയുന്നു.
പിന്നീട് കുടുംബജീവിതം കൂടി തകര്‍ത്ത് പീഡനത്തിന് സാഹചര്യമൊരുക്കാന്‍ അര്‍ധസഹോദരങ്ങള്‍ ശ്രമിച്ചതോടെയാണ് എല്ലാം തുറന്നുപറയാന്‍ യുവതി തയ്യാറായത്.
പരാതിയില്‍ മാറാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതികളെ ഉടന്‍ പിടികൂടുമെന്നും പൊലിസ് അറിയിച്ചു.