സ്വത്ത് തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയപ്പോള്‍ യുവതിക്ക് നഷ്ടമായത് സ്വന്തം മൂക്ക്. ബന്ധുക്കളുമായുള്ള തര്‍ക്കത്തിനിടെയാണ് നാല്‍പതുകാരിയുടെ മൂക്ക് മുറിച്ചെടുത്തത്. മുറിഞ്ഞ മൂക്കും ബാഗിലിട്ട് യുവതി ആശുപത്രിയില്‍ ചികിത്സ തേടിയെത്തി. ഇതോടെയാണ് വിവരം മറ്റുള്ളവര്‍ അറിഞ്ഞത്. രാജസ്ഥാനിലാണ് സംഭവം.
കുക്കി ദേവി എന്ന വീട്ടമ്മയ്ക്കു നേരെയാണ് ബന്ധുക്കള്‍ അതിക്രമം നടത്തിയത്. സൈലയിലുള്ള മോക്നി എന്ന ഗ്രാമത്തില്‍ അമ്മയുടെ വീട്ടിലായിരുന്നു കുക്കി ദേവി താമസിച്ചിരുന്നത്. ഇവിടെ ഇവര്‍ക്ക് കുറച്ച് സ്ഥലമുണ്ടായിരുന്നു. കുക്കി ദേവിയുടെ അമ്മാവനും അനന്തരവനും ഈ സ്ഥലത്തിന്‍റെ പേരില്‍ ഇവരുമായി തര്‍ക്കത്തിലേര്‍പ്പെട്ടു.
ഒരു ബന്ധുവിനെയും മകനെയും കൂട്ടി കുക്കി ദേവി സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഈ സമയം ഇവരുടെ അനന്തരവൻ ഓംപ്രകാശും ചില ബന്ധുക്കളും ഇവിടെയെത്തി. ഇവര്‍ കുക്കി ദേവിയെ ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ഓംപ്രകാശ് കുക്കി ദേവിയുടെ മൂക്ക് കത്തികൊണ്ട് അരിഞ്ഞത്.
സമീപത്തുള്ള ബങ്കാര്‍ ആശുപത്രയിലേക്ക് മുറിഞ്ഞ മൂക്കും ബാഗിലാക്കി കുക്കിദേവി എത്തുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്കു ശേഷം കുക്കി ദേവിയെ ജോധ്പുരിലുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. മൂക്ക് പ്ലാസ്റ്റിക് സര്‍ജറിയിലൂടെ തുന്നിച്ചേര്‍ക്കാനുള്ള ശ്രമത്തിലാണ് ഡോക്ടര്‍മാര്‍.