മുന്നില്‍ കലിതുള്ളി പാഞ്ഞെത്തിയ പോത്തിനെ കണ്ട് ഭയന്നുമാറിയില്ല, സധൈര്യം അതിന്‍റെ കൊമ്പില്‍ പിടിച്ച് തടഞ്ഞുനിര്‍ത്തി അച്ചാമ്മ, രക്ഷിച്ചത് മറ്റൊരു യുവതിയുടെ ജീവന്‍. ഏതോ സിനിമ സീന്‍ വിവരിക്കുകയാണെന്ന് തോന്നുന്നുവെങ്കില്‍ ഇതങ്ങനെയല്ല, നടന്ന സംഭവമാണ്. കൊച്ചി കീഴ്മാടാണ് സംഭവം.
വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന 21കാരിക്ക് നേരെ ഒരു പോത്ത് ആക്രമിക്കാനായി ഓടിയടുത്തു. യുവതി ബഹളംവച്ചത് കേട്ട് ഓടിയെത്തിയതാകട്ടെ മഹിളാ കോൺഗ്രസ് കീഴ്മാട് മണ്ഡലം പ്രസിഡന്റും മുൻ പഞ്ചായത്ത് അംഗവുമായ അച്ചാമ്മ സ്റ്റീഫന്‍. ആലോചിച്ചു നില്‍ക്കാതെ അച്ചാമ്മ നേരെ പോത്തിനു മുന്നിലേക്ക്. കൊമ്പില്‍ പിടിച്ചു തടഞ്ഞുനിര്‍ത്തി. സഹായത്തിന് നാട്ടുകാര്‍ എത്തിയെങ്കിലും പ്രാണഭയത്താല്‍ എല്ലാവരും പിന്തിരിഞ്ഞു.
സംഭവം കണ്ടുകൊണ്ടു വന്ന തമിഴ്നാട് സ്വദേശിയാണ് പിന്നീട് പോത്തിനെ കീഴ്‌പ്പെടുത്തിയത്. പോത്തിനെ പിടിച്ചുനിര്‍ത്തിയതില്‍ അച്ചാമ്മയുടെ കൈകൾക്ക് പരുക്കേറ്റു. യുവതിയുടെ ജീവൻ രക്ഷിച്ച അച്ചാമ്മയ്ക്ക് അഭിനന്ദനപ്രവാഹം.