പത്തനംതിട്ടയിൽ കഴിഞ്ഞമാസം മരിച്ച പ്ലസ്ടൂ വിദ്യാര്‍ഥിനി ഗര്‍ഭിണിയായത് സഹപാഠിയില്‍ നിന്ന് എന്ന് സ്ഥിരീകരിച്ച് പരിശോധന ഫലം. ഗര്‍ഭസ്ഥ ശിശുവിന്‍റെ ഡിഎന്‍എ പരിശോധനാ ഫലമാണ് കഴിഞ്ഞദിവസം ലഭിച്ചത്.കേസില്‍ സഹപാഠി നേരത്തേ അറസ്റ്റിലായിരുന്നു. കഴിഞ്ഞമാസം ഇരുപത്തിയഞ്ചിനാണ് അടൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി പനിബാധിച്ചുള്ള ചികില്‍സക്കിടെ മരിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിലാണ് അഞ്ച് മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്.അന്നുതന്നെ പൊലീസ് പോക്സോ കേസെടുത്ത് അന്വേഷണം തുടങ്ങി.സഹപാഠിയായ നൂറനാട് സ്വദേശി അഖിലാണ് ഗര്‍ഭത്തിന് ഉത്തരവാദി എന്ന് വ്യക്തമായി.
പ്രതിക്ക്18വയസ് പൂര്‍ത്തിയായെന്ന് വ്യക്തമായതോടെ അറസ്റ്റ് ചെയ്തു.മരിച്ച നിലയിലായിരുന്ന ഗർഭസ്ഥ ശിശുവിൻറെ സാമ്പിളും സഹപാഠിയുടെ രക്തസാമ്പിളും ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിരുന്നു.തിരുവനന്തപുരം ഫൊറന്‍സിക് ലാബിലെ പരിശോധനയിലാണ് സഹപാഠിയാണ് പിതാവെന്ന് പൂര്‍ണമായും സ്ഥിരീകരിച്ചത്.പ്രതി അഖില്‍ ഇപ്പോഴും റിമാന്‍ഡില്‍ ആണ്.ഗർഭം അലസിപ്പിക്കാൻ ഉള്ള ശ്രമമാണ് പെണ്‍കുട്ടിയുടെ ആരോഗ്യം വഷളാക്കിയത്. പെൺകുട്ടിയുടെ ബാഗിൽ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു.ഗര്‍ഭം അലസിപ്പിക്കാനുള്ള ശ്രമത്തില്‍ പ്രതിയുടെ പങ്കിനെക്കുറിച്ച് അന്വേഷിച്ച് വരികയാണ്.