പാർട്ടി വിപ്പിന് പുല്ലുവില നൽകി സിപിഎം അംഗങ്ങൾ സിപിഎം വിമതനായ പ്രസിഡന്റിനെ അവിശ്വാസത്തിലൂടെ പുറത്താക്കി. പത്തനംതിട്ട തോട്ടപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സി.എസ് ബിനോയിയാണ് പുറത്തായത്. പഞ്ചായത്തിലെ അഞ്ച് സിപിഎം അംഗങ്ങളിൽ നാലുപേരാണ് വിപ്പ് ലംഘിച്ച് വോട്ട് ചെയ്തത്.
ബിജെപി പിന്തുണ നേടി പ്രസിഡന്റായ സിപിഎം വിമതനെതിരെ നാല് സിപിഎം അംഗങ്ങൾ ചേർന്നാണ് അവിശ്വാസം കൊണ്ടുവന്നത്. ബിജെപിയുമായി കൈകോർത്ത് ഭരണം നടത്തുന്ന പ്രസിഡണ്ടിനെയും വൈസ് പ്രസിഡണ്ടിനെയും പുറത്താക്കി സിപിഎം ഭരണമേറ്റെടുക്കണമെന്ന ആവശ്യമുയർത്തിയായിരുന്നു അവിശ്വാസം. പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്ന ബിനോയ് കാലാവധി പൂർത്തിയാക്കിയ ശേഷം പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കാൻ തയാറാണെന്നു പറഞ്ഞിട്ടുണ്ടെന്നും അതിനുള്ള അവസരം അദ്ദേഹത്തിനു നൽകണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു അവിശ്വാസത്തെ എതിർക്കാൻ അംഗങ്ങൾക്ക് സിപിഎം വിപ്പ് നൽകിയത്. എന്നാൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ള നാലംഗങ്ങളും വിപ്പ് ലംഘിച്ച് അവിശ്വാസത്തിൽ ഉറച്ചുനിന്നു. കോൺഗ്രസ് അംഗങ്ങൾ അവിശ്വാസത്തെ പിന്തുണച്ചു. സിപിഎം അംഗം അജിത അവിശ്വാസത്തിൽ നിന്ന് വിട്ടു നിന്നു.
ബിനോയിയെ സിപിഎമ്മിലേക്ക് കൊണ്ടുവരാനുള്ള ശ്രമലായിരുന്നു ജില്ലാ നേത്യത്വം. എന്നാൽ ഇതിനെ എതിർക്കുന്നവരാണ് അവിശ്വാസം കൊണ്ടുവന്നത്. ചർച്ചകൾ അവസാനഘട്ടത്തിൽ എത്തിനിൽക്കെ ഉണ്ടായ പുറത്താക്കൽ ജില്ലാ നേതൃത്വത്തിന് തിരിച്ചടിയായി. വിപ്പ് ലംഘിച്ചവർക്കെതിരെ നടപടിയെടുക്കാൻ ഒരുങ്ങുകയാണ് നേതൃത്വം.