പ്രതീകാത്മക ചിത്രം

ഭര്‍തൃവീട്ടില്‍ അതിക്രൂര പീഡനം നേരിട്ടെന്ന് മധ്യപ്രദേശുകാരിയായ യുവതിയുടെ പരാതി. മധ്യപ്രദേശിലെ രാജ്ഗഡിലാണ് സംഭവം. മറ്റൊരു പുരുഷനുമായി അടുപ്പമുണ്ടെന്നും വീടിനുള്ളില്‍ അരുതാത്ത സാഹചര്യത്തില്‍ ഇരുവരെയും കണ്ടെന്നും ആരോപിച്ചാണ് ഭര്‍തൃവീട്ടുകാര്‍ യുവതിയെ ക്രൂരപീഡനത്തിനിരയാക്കിയതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ...'അയല്‍വാസിയായ രോഹിത് റുഹ്​ലയെന്നയാള്‍ സ്റ്റീം മെഷിന്‍ വാങ്ങുന്നതിനായി പരാതിക്കാരിയായ യുവതിയുടെ ഭര്‍തൃവീട്ടിലെത്തി. പുറത്ത് ഗേറ്റില്‍ നില്‍ക്കാന്‍ പറഞ്ഞശേഷം യുവതി അകത്ത് മെഷീനെടുക്കാന്‍ കയറിപ്പോവുകയും ചെയ്തു. എന്നാല്‍ പിന്നാലെ അകത്ത് കയറിയ രോഹിത് വാതില്‍ പൂട്ടുകയും യുവതിയെ ഉപദ്രവിക്കുകയായിരുന്നു. ഭര്‍തൃസഹോദരി ഇക്കാഴ്ച കണ്ട് വീട്ടിലേക്ക് ഓടിവന്നുവെന്നും ഇവര്‍ യുവതിയാണ് രോഹിതിനെ വിളിച്ചു കയറ്റിയതെന്ന് ആരോപിച്ച് മര്‍ദിക്കുകയുമായിരുന്നു'വെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. 

ഭര്‍ത്താവ് വീട്ടിലെത്തിയതോടെ, എല്ലാവരും ചേര്‍ന്ന് യുവതിയുടെ വസ്ത്രം  കീറി നഗ്നയാക്കി തണുപ്പത്ത് നിര്‍ത്തി. പിന്നാലെ വടിയെടുത്ത് പൊതിരെ തല്ലുകയും ഇടിക്കുകയും ചെയ്തു. ബോധംപോയ യുവതിയെ മുറ്റത്തിട്ട് വീട്ടുകാര്‍ പോയി. പിറ്റേന്ന് രാവിലെ ബോധം വന്നതോടെ വീണ്ടും മര്‍ദനം ആരംഭിച്ചുവെന്നും നഗ്നയാക്കിയ ശേഷം ഭര്‍തൃപിതാവ് മുളകുപൊടിയെടുത്ത് തന്‍റെ സ്വകാര്യഭാഗങ്ങളില്‍ തേച്ചുവെന്നും ഭര്‍തൃമാതാവ് ചുട്ടുപഴുത്ത ഇരുമ്പ് ദണ്ഡ് കൊണ്ട് ശരീരമാസകലം പൊള്ളിച്ചുവെന്നും യുവതിയുടെ പരാതിയില്‍ വിശദീകരിക്കുന്നു. 

ക്രൂരമായി മര്‍ദനത്തിന് പിന്നാലെ യുവതിയെ ബൈക്കില്‍ കയറ്റിക്കൊണ്ട് പോയി പൊലീസ് സ്റ്റേഷന് സമീപം ഉപേക്ഷിക്കുകയായിരുന്നു. നാട്ടുകാരിലൊരാളാണ് യുവതി ക്രൂരപീഡനത്തിനിരയായ വിവരം വീട്ടില്‍ പറഞ്ഞത്. വീട്ടിലെത്തിയ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെയും യുവതിയെ ഉപദ്രവിച്ചയാള്‍ക്കെതിരെയും പൊലീസ് കേസെടുത്തു. 

ENGLISH SUMMARY:

A woman in Madhya Pradesh’s Rajgarh was allegedly assaulted by her husband and in-laws, who burned her private parts with a hot iron and applied chili powder.